തൊടുപുഴ: വ്യാഴാഴ്ച വൈകിട്ടാണ് തെങ്കാശിയിൽ നിന്നും വൈക്കോൽ ലോഡുമായെത്തിയ ലോറി തൊടുപുഴ വഴിത്തലയിൽ വച്ച് ഇലക്ട്രിക് ലൈനിൽ തട്ടി തീപിടിച്ചത്. വൈക്കോൽ ചുരുളുകൾക്ക് തീപിടിച്ചതു മനസിലാക്കിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ ഇറങ്ങിയോടി. തീയും പുകയും ഉയർന്നതോടെ ഗത്യന്തരമില്ലാതെ വൈക്കോൽ ഉടമ ജോസഫ് ലോറിയോടിച്ച് അരകിലോമീറ്റർ ദൂരെയുള്ള സർവീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന് സർവീസ് സ്റ്റേഷനിലെ പമ്പുകൾ ഉപയോഗിച്ചും, തൊടുപുഴയിൽ നിന്നും കൂത്താട്ടുകുളത്തു നിന്നുമെത്തിയ ഫയർഫോഴ്‌സ് സംഘത്തിന്റെ സഹായത്തോടെയും ദീർഘ നേരത്തെ പ്രയത്നത്തിലൂടെ തീയണച്ചു. ലോറിക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായില്ലെങ്കിലും, ഏതാണ്ട് ഒന്നരലക്ഷം രൂപയുടെ വൈക്കോൽ കത്തിനശിച്ചു.