ആലപ്പുഴ: ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളിയില്‍ ക്ഷേത്രത്തിലെ ഉത്സവത്തെത്തുടർന്നാണ് സംഭവം. തോട്ടപ്പള്ളി ആനന്ദ് ഭവനില്‍ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഇന്നലെ ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.
കേസില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ ജഗത് സൂര്യൻ അടക്കം അഞ്ചുപേർ അറസ്റ്റിലായി. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റായ ജഗത് ആണ് കേസിലെ ഒന്നാം പ്രതി. അതേസമയം, പാലക്കാട് ആലത്തൂരിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ മാനേജർക്ക് ഗുരുതര പരിക്കേറ്റു. ആലത്തൂരിലെ കാവശേരിയിലുള്ള ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ആറുമാസം മുൻപ് തുറന്ന ബാറിലാണ് അക്രമസംഭവങ്ങളുണ്ടായത്. ബാറിലെത്തിയ ഒരുസംഘം ആളുകളും മാനേജറുമായുണ്ടായ തർക്കം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നു. ബാറിലെ സർവീസ് മോശമാണെന്ന് പറഞ്ഞായിരുന്നു വാക്കുതർക്കമുണ്ടായത്. തുടർന്നിത് സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. ബാറിലെ മാനേജരായ രഘുനന്ദനാണ് വെടിയേറ്റത്.
എയർ പിസ്റ്റളാണ് അക്രമികള്‍ ഉപയോഗിച്ചത്. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രഘുനന്ദന്റെ നട്ടെല്ലിനാണ് വെടിയേറ്റത്. അദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.