വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; കേരളത്തിന് അഭിമാന നിമിഷം

alternatetext

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും.രാവിലെ 11 നാണ് ഔദ്യോഗിക ചടങ്ങ്. ഇതു സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചതായി തുറമുഖമന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

വിജിഎഫ് കരാര്‍ ഒപ്പിടല്‍കൂടി പൂര്‍ത്തിയാക്കിയതോടെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം വേഗത്തിലായത്. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളരുകയാണ്. 2024 ജൂലൈ 13നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. ഡിസംബര്‍ മൂന്നു മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ 263 കപ്പല്‍ എത്തി. 5.36 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. പ്രതിമാസം ഒരു ലക്ഷം ടിഇയു എന്ന നേട്ടവും സ്വന്തമാക്കി.

ഇന്ത്യയിലെത്തിയതില്‍ ഏറ്റവും വലിയ കപ്പല്‍ എംഎസ്സി തുര്‍ക്കി വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തു. എംഎസ്സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സര്‍വീസായ ജേഡ് സര്‍വീസും ആരംഭിച്ചു. കരാറിനേക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് നിലവിലെ ധാരണ. 2034 മുതല്‍ തന്നെ വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തിയാകും.