തിരുവനന്തപുരം: ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം നീണ്ടുപോകുന്നതിനിടെ, സർക്കാരിനെ വെട്ടിലാക്കാൻ യുഡിഎഫ് കരുനീക്കം. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇവരുടെ ഓണറേറിയം വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. പ്ലാൻ ഫണ്ടില്‍നിന്നോ തനതുഫണ്ടില്‍നിന്നോ ആശവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും മറ്റു സമാന തൊഴില്‍ചെയ്യുന്നവർക്കും ഓണറേറിയവും ഇൻസന്റീവും നല്‍കണമെന്നു നിർദേശിച്ച് രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘടന കെപിസിസിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.
നിയമവശം പരിഗണിച്ചാകും അന്തിമതീരുമാനം. കോണ്‍ഗ്രസ് തലത്തില്‍ തീരുമാനം എടുത്തശേഷം യുഡിഎഫ് നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്യും. മുന്നണിയുടെ പൊതുതീരുമാനമായി നടപ്പാക്കാണ് ആലോചന. കോണ്‍ഗ്രസ് ഭരിക്കുന്ന ഏതാനും പഞ്ചായത്തുകള്‍ ആശവർക്കർമാരുടെ ഓണറേറിയം 2000 രൂപ വീതം കൂട്ടാൻ തീരുമാനിച്ചിരുന്നു. ബുധനാഴ്ച കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശവർക്കാർമാരുടെ ഓണറേറിയം കൂട്ടണമെന്നാവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലേക്ക് സമരവും നടക്കും.