കൊല്ലം: ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈൻ സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ സംഘത്തിലെ അംഗങ്ങള്‍ കൊല്ലം സിറ്റി സൈബർ പോലീസ് സംഘത്തിന്‍റെ പിടിയിലായി. കോഴിക്കോട് കടലുണ്ടി ചാലിയം റിജുലാസ് വീട്ടില്‍ അബ്ദുല്‍ റാസിക്ക് (39), കോഴിക്കോട്, തലക്കുളത്തൂർ നെരവത്ത് ഹൗസില്‍ അഭിനവ്(21), മലപ്പുറം തൂവൂർ തേക്കുന്ന് കൊറ്റങ്ങോടൻ വീട്ടില്‍ മുഹമ്മദ് സുഹൈല്‍(22) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.
കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത രണ്ട് കേസിലും ഇരവിപുരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലുമാണ് പ്രതികള്‍ പിടിയിലായത്. ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാക്കിയശേഷം പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുതലായവ ഇരകളില്‍ നിന്ന് ഇവർ കൈക്കലാക്കി.
വ്യാജ ലാഭകണക്കുകള്‍ കാണിച്ച് വിശ്വാസം നേടിയെടുത്ത ശേഷം പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിക്ഷേപ തുക ട്രേഡിംഗ് നടത്തി വൻ ലാഭം നേടാൻ സഹായിക്കാമെന്നായിരുന്നു വാഗ്ദാനം. കൊല്ലം സ്വദേശിയായ നിക്ഷേപകനില്‍ നിന്ന് 13799000- രൂപയാണ് അബ്ദുല്‍ റാസിക്ക് ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്. സംഘത്തില്‍ ഉള്‍പ്പെട്ട ഷംസുദീനെ നേരത്തെ സൈബർ പോലീസ് പിടികൂടിയിരുന്നു.
സമാനമായ രീതിയില്‍ ഗോള്‍ഡ് ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് തങ്കശേരി സ്വദേശിയില്‍ നിന്ന് 37,03,270- രൂപയാണ് അഭിനവ് ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്. ട്രേഡിംഗിലൂടെ ലഭിച്ച ലാഭമെന്ന പേരില്‍ രണ്ട് തവണയായി 25000- രൂപ തിരികെ നല്‍കി വിശ്വാസം ആർജിക്കുകയും ചെയ്തു. പിന്നീടാണ് കൂടുതല്‍ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്.
മുണ്ടക്കല്‍ സ്വദേശിക്ക് സമാനമായ രീതിയില്‍ നഷ്ടമായത് 6,80,000- രൂപയാണ്. 90,000- രൂപ പലപ്പോഴായി പിൻവലിക്കാൻ സാധിച്ചതോടെയാണ് കൂടുതല്‍ നിക്ഷേപം നടത്തിയത്. പിന്നീട് നിക്ഷേപിച്ച പണമോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതായി. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയത്. കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ അബ്ദുള്‍ മനാഫിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ നിയാസ്, നന്ദകുമാർ, സിപിഒ ഹബീബ്, സൈബർ സെല്‍ ഉദ്യോഗസ്ഥരായ എഎസ്‌ഐ പ്രതാപൻ, എസ്സിപിഒ വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.