തോട്ടപ്പള്ളി പൊഴിമുഖത്തെ ഖനനം സി എം ആര്‍ എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി ആസൂത്രണം ചെയ്തത്:മാത്യു കുഴല്‍നാടൻ

തോട്ടപ്പള്ളി പൊഴിമുഖത്തെ ഖനനം സി എം ആര്‍ എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി ആസൂത്രണം ചെയ്തത്:മാത്യു കുഴല്‍നാടൻ
alternatetext

മുഖ്യമന്ത്രിക്ക് എതിരെ പുതിയ ആരോപണവുമായി മാത്യു കുഴല്‍നാടൻ എംഎല്‍എ. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരില്‍ തോട്ടപ്പള്ളി പൊഴിമുഖത്ത് നടന്ന ഖനനം സിഎംആർഎല്ലിനെ സഹായിക്കാനായി പിണറായി വിജയൻ ആസൂത്രണം ചെയ്തതാണെന്ന് കുഴല്‍നാടൻ ആരോപിച്ചു. ഇതിനുള്ള പ്രതിഫലമായാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്ബനിക്ക് മാസം തോറും ലക്ഷങ്ങള്‍ നല്‍കിയിരുന്നതെന്നും കുഴല്‍നാടൻ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു. കമ്ബനി നഷ്ടത്തിലാണെന്നും ഇല്‍മനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടിയും 2017ല്‍ മുഖ്യമന്ത്രിക്ക് സിഎംആർഎല്‍ നിവേദനം സമർപ്പിച്ചതായി കുഴല്‍നാടൻ പറഞ്ഞു.

2017 ല്‍ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സിഎംആർഎല്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ 4 വർഷത്തിനിടെ 56 കോടിയുടെ ലാഭത്തില്‍ എത്തിയെന്നും കുഴല്‍നാടൻ ആരോപിച്ചു 2017 ഫെബ്രുവരി ആറിന് സിഎംആർഎല്ലിലെ ട്രേഡ് യൂണിയൻ സംഘടനകളുടെ പേരില്‍ ലഭിച്ച പരാതിയില്‍ നിന്നാണ് അഴിമതിയുടെ തുടക്കം എന്നാണ് കുഴല്‍നാടന്റെ വാദം. സിഎംആർഎല്‍ നിലനില്‍പ്പിനായി പൊരുതുകയാണെന്നും എത്രയും വേഗം ഖനനം തുടങ്ങിയില്ലെങ്കില്‍ കമ്ബനി അടച്ചുപൂട്ടുമെന്നും ആയിരക്കണക്കിന് തൊഴിലാളികള്‍ വഴിയാധാരമാകുമെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎല്‍ ആവശ്യത്തിന് ഇല്‍മനൈറ്റ് നല്‍കുന്നില്ലെന്നും അമിതവില ഈടാക്കുന്നു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടർന്ന് 2017 മാർച്ച്‌ 8ന് പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഫയലില്‍ കുറിച്ചെന്ന് കുഴല്‍നാടൻ പറയുന്നു. ഇതിനുപിന്നാലെ 2018 ഒക്ടോബർ 27നു ജില്ലാ ദുരന്തനിവാരണ സമിതി അധ്യക്ഷൻ എന്ന നിലയില്‍ ആലപ്പുഴ ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിലാണ് തോട്ടപ്പള്ളി പൊഴിമുഖത്ത് ഖനനം നടത്താൻ ഉത്തരവാകുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള നടപടി എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലെടുത്ത തീരുമാനം എന്നാണ് ഇതിനെക്കുറിച്ച്‌ പറഞ്ഞതെന്നും കുഴല്‍നാടൻ പറയുന്നു.

ഇവിടെ ഖനനം ചെയ്യുന്ന മണലിന്റെ വില നിശ്ചയിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ തന്നെ ചുമതലപ്പെടുത്തിയെങ്കിലും ഇതിന്റെ മറുപടി ലഭിച്ചില്ല എന്ന പേരില്‍ ഒരു ക്യൂബിക് മീറ്ററിന് 464 രൂപ എന്ന നിരക്കില്‍ കരിമണല്‍ കടത്തുകയായിരുന്നു എന്ന് കുഴല്‍നാടൻ ആരോപിച്ചു. ലക്ഷക്കണക്കിന് ടണ്‍ മണലാണ് ഈ വിധത്തില്‍ കടത്തിയത്. ഒരു ടിപ്പർ ലോറിയില്‍ മണ്ണടിക്കണമെങ്കില്‍ പോലും 4000-5000 രൂപ കൊടുക്കേണ്ടിയിടത്താണ് കേവലം 1200 രൂപയ്ക്ക് ഒരു ലോഡ് കരിമണല്‍ കെഎംഎംഎല്ലിന് നല്‍കിയിരുന്നത്. കോടികള്‍ കൊടുത്തതായി സിഎംആർഎല്ലിന്റെ പട്ടികയില്‍ കാണുന്ന ‘പിവി’ പിണറായി വിജയനാണെന്നും കരിമണല്‍ നല്‍കിയതിന്റെ പ്രതിഫലമായിരുന്നു ഇതെന്നും കുഴല്‍നാടൻ ആവർത്തിച്ചു.