തിരുവനന്തപുരത്ത് പതിനാറുകാരന് വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം

തിരുവനന്തപുരത്ത് പതിനാറുകാരന് വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം
alternatetext

തിരുവനന്തപുരത്ത് പതിനാറുകാരന് വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം. തൊളിക്കോട് പനയ്ക്കോടാണ് സംഭവം. പെണ്‍കുട്ടിയെ കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് പതിനാറുകാരനെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കുട്ടിയുടെ അമ്മ ആര്യനാട് പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പ്രദേശത്തെ വാഴത്തോട്ടത്തില്‍ എത്തിച്ചായിരുന്നു പതിനാറുകാരനെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചത്.

താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പതിനാറുകാരന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ചും തലയ്ക്കിടിച്ചും ക്രൂരമര്‍ദനമാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ അഴിച്ചുവിട്ടത്. ഈ പ്രശ്നം ഇവിടെ തീരണമെന്നും അല്ലാത്തപക്ഷം ഇടികൊള്ളേണ്ടിവരുമെന്നും വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഭീഷണി മുഴക്കുന്നുണ്ട്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. കഴിഞ്ഞമാസം 16ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിഞ്ഞത്.