തിരുവനന്തപുരത്ത് ബസ് യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് ബസ് യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടികൂടി
alternatetext

പാറശ്ശാല : അമരവിള എക്‌സൈസ് ചെക്‌പോസ്റ്റില്‍ പരിശോധന നടക്കുന്ന വിവരമറിഞ്ഞ് ഉദിയന്‍കുളങ്ങരയില്‍ ബസിറങ്ങിയയാളില്‍നിന്ന് നാല് കിലോ കഞ്ചാവ് പിടിച്ചു. തിരുവനന്തപുരം ആനയറ വെണ്‍പാലവട്ടം സ്വദേശിയായ വിനോദിനെയാണ് (37) റൂറല്‍ എസ്.പിയുടെ ആന്റിനാര്‍കോട്ടിക് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പിടികൂടിയത്. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ആഡംബര ബസിലെ യാത്രക്കാരനായ വിനോദ് അമരവിള എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധന നടക്കുന്നതറിഞ്ഞ് ഉദിയന്‍കുളങ്ങരയില്‍ ഇറങ്ങുകയായിരുന്നു.

ഈ സമയം ഇതുവഴി സഞ്ചരിക്കുകയായിരുന്ന റൂറല്‍ എസ്.പി.യുടെ ആന്റി നാര്‍കോട്ടിക് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഷിബുവിന് സംശയം തോന്നി ഇയാളെ പിന്തുടര്‍ന്നു. പിന്തുടരുന്നത് മനസ്സിലാക്കിയ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാളില്‍നിന്ന് നാല് കിലോ കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് തിരുവനന്തപുരം നഗരത്തില്‍ ചില്ലറ വില്‍പനക്ക് എത്തിച്ചതാണെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. ഇയാളെ പാറശ്ശാല പൊലീസിന് കൈമാറി.