തിരുവല്ല ഗവ.താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റര്‍ അടച്ചു.

തിരുവല്ല ഗവ.താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റര്‍ അടച്ചു.
alternatetext

തിരുവല്ല: നിര്‍ദ്ധന രോഗികള്‍ക്ക് ഉള്‍പ്പെടെ ആശ്രയമായ തിരുവല്ല ഗവ.താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റര്‍ അടച്ചു. എയര്‍ കണ്ടീഷൻ പ്രവര്‍ത്തനം നിലച്ചതോടെയാണ് ആശുപത്രിയിലെ മോഡുലാര്‍ ഓപ്പറേഷൻ തീയറ്ററിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്. ഇൻസ്റ്റാള്‍ ചെയ്ത ഏജൻസി അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എ.സി.യുടെ കണ്‍ട്രോള്‍ പാനലും മറ്റും മാറ്റി പ്രവര്‍ത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എ.സി.യുടെ കൂടുതല്‍ സാമഗ്രികള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ഇവയെല്ലാം മാറ്റി സ്ഥാപിക്കേണ്ടിവരും. ഓര്‍ഡര്‍ പ്രകാരം പൂനയില്‍ നിന്ന് നിര്‍മ്മിച്ച്‌ എത്തിക്കേണ്ടതിനാല്‍ 20 ദിവസത്തോളം തീയറ്ററിന്റെ പ്രവര്‍ത്തനം മുടങ്ങും.

പ്രതിമാസം നൂറിലേറെ ഓപ്പറേഷൻ നടക്കുന്ന ആശുപത്രിയാണിത്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ശസ്ത്രക്രിയ ഏറെയും നടക്കുന്നത്. ദിവസേന നൂറിലധികം പേരാണ് ഗൈനക്കോളജി വിഭാഗത്തില്‍ എത്തുന്നത്. ഗര്‍ഭിണികള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ ഓരോ ദിവസവും ബുക്ക് ചെയ്ത് നല്‍കുകയാണ് പതിവ്. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ ബുദ്ധിമുട്ടിലാകും.

എം.പി. ഫണ്ടില്‍ നിന്നും അനുവദിച്ച തുക ചെലവഴിച്ച്‌ രണ്ടുവര്‍ഷം മുമ്ബ് നിര്‍മ്മിച്ച ഓപ്പറേഷൻ തീയറ്റര്‍ ആണിത്. നിര്‍മ്മാണം കഴിഞ്ഞു ഒരുവര്‍ഷത്തോളം പ്രവര്‍ത്തനം തുടങ്ങാൻ വൈകിയിരുന്നു. വാറണ്ടി കാലാവധി കഴിഞ്ഞതിനാല്‍ എ.സി.യുടെ തകരാര്‍ പരിഹരിക്കാൻ രണ്ടുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് അറിയുന്നത്.