തെരഞ്ഞെടുപ്പിൽ പരിഹരിക്കാത്ത പ്രശ്നങ്ങൾക്ക് പരിഹാരം;കമീഷൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സംഭാഷണത്തിന് ക്ഷണിച്ചു.

തെരഞ്ഞെടുപ്പിൽ പരിഹരിക്കാത്ത പ്രശ്നങ്ങൾക്ക് പരിഹാരം;കമീഷൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സംഭാഷണത്തിന് ക്ഷണിച്ചു.
alternatetext

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഇനിയും പരിഹരിക്കാത്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഭാരവാഹികളെ നേരിട്ടുള്ള സംഭാഷണത്തിന് ക്ഷണിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണിതെന്നും ഇരു കൂട്ടർക്കും അനുയോജ്യമായ സമയം അറിയിക്കണമെന്നും മുഴുവൻ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികള്‍ക്കും അയച്ച കത്തില്‍ കമീഷൻ വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷമല്ലെന്ന പ്രതിപക്ഷ വിമർശനത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറുടെയും നിയമന വിവാദത്തിനും പിന്നാലെയാണ് പുതിയ നീക്കം.

വോട്ടുയന്ത്രങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ക്കുപുറമെ വോട്ടർപട്ടികയിലെ വോട്ടിരട്ടിപ്പും വലിയ ചർച്ചയായ വേളയിലാണിത്. വോട്ടർപട്ടികയില്‍ ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുകൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളില്‍ നിന്നും നിർദേശങ്ങള്‍ തേടി. ഏപ്രില്‍ 30നകം ഇതുസംബന്ധിച്ച നിർദേശങ്ങള്‍ പാർട്ടികള്‍ സമർപ്പിക്കണമെന്ന് ഇതേ കത്തില്‍ കമീഷൻ ആവശ്യപ്പെട്ടു.

1950ലെയും 1951ലെയും ജനപ്രാതിനിധ്യ നിയമങ്ങള്‍, 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങള്‍, 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങള്‍, സുപ്രീം കോടതി ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിർദേശങ്ങള്‍ പരിഗണിക്കുക. കഴിഞ്ഞയാഴ്ച മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ ഗ്യാനേഷ് കുമാർ വിളിച്ചുചേർത്ത തെരഞ്ഞെടുപ്പ് ഓഫിസർമാരുടെ യോഗത്തില്‍ രാഷ്ട്രീയ പാർട്ടികളുമായി ആശയവിനിമയം നടത്താൻ എല്ലാ സംസ്ഥാന, ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും നിർദേശം നല്‍കിയിരുന്നു. ഇതിന്റെ റിപ്പോർട്ട് മാർച്ച്‌ 31നകം കമീഷന് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്താൻ കമീഷൻ രാഷ്ട്രീയ പാർട്ടികളോട് അഭ്യർഥിക്കുകയും ചെയ്തു.