ന്യൂഡല്‍ഹി: 130 വർഷം പഴക്കമുള്ള മുല്ലപ്പരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് ഉത്തരവിടുമെന്ന് സൂചിപ്പിച്ച് സുപ്രീംകോടതി. മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന കേരളത്തിന്റെ നിരന്തര ആവശ്യത്തില്‍ കേന്ദ്രം തണുപ്പൻ നയം തുടരുമ്ബോള്‍, പ്രതീക്ഷയേകുന്നതാണ് സുപ്രീംകോടതി നീക്കം. കേന്ദ്രസർക്കാരിന് നോട്ടീസ് അയയ്ക്കാനും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജല്‍ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
സുരക്ഷാ പരിശോധനയ്‌ക്ക് വിദഗ്ദ്ധസമിതി രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് നിർദ്ദേശിക്കാൻ തങ്ങള്‍ക്ക് കഴിയുമെന്ന് കോടതി പറഞ്ഞു. ഡാം സുരക്ഷാ നിയമപ്രകാരമുള്ള ദേശീയ കമ്മിറ്റി ഇനിയും രൂപീകരിച്ചിട്ടില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ 2014ലെ വിധിയുടെ അടിസ്ഥാനത്തില്‍ മേല്‍നോട്ട സമിതിക്കും ഡാം സുരക്ഷാ നിയമത്തില്‍ വ്യവസ്ഥ വേണമായിരുന്നു. അതും ഉണ്ടായിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞശേഷം തുടർ നടപടിയെടുക്കും.
വിഷയത്തില്‍ അറ്റോർണി ജനറല്‍ ആർ. വെങ്കട്ടരമണിയുടെ സഹായവും കോടതി തേടി. ദേശീയ ഡാം സുരക്ഷാ അതോറിട്ടിയുടെ നിലപാടും നിർദ്ദേശവും അറ്റോർണി ജനറല്‍ അറിയിക്കണം. ഡാം സുരക്ഷയിലുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി അഡ്വ. മാത്യൂസ് ജെ. നെടുമ്ബാറ ഉള്‍പ്പെടെ അഞ്ച് മലയാളി അഭിഭാഷകർ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്. ഈ മാസം 22ന് വീണ്ടും പരിഗണിക്കും