ഹരിപ്പാട്: മദ്യലഹരിയിൽ മകൻ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഹരിപ്പാട് ചേപ്പാട് സ്വദേശി സോമൻ പിള്ളയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അരുൺ എസ് നായരെ (29) കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ അരുണും സോമൻ പിള്ളയും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഇരുവരും പുറത്തേക്ക് പോയി. ശേഷം ഏറെ നേരം കഴിഞ്ഞ് തിരിച്ചെത്തിയ അരുൺ അച്ഛൻ പുറത്ത് വീണു കിടക്കുന്നു എന്നാണ് ഭാര്യയോട് പറഞ്ഞത്. ഇരുവരും ചേർന്ന് സോമൻ പിള്ളയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
വീണ് പരിക്കേറ്റു എന്നാണ് ഇവർ ആശുപത്രിയിലും പറഞ്ഞിരുന്നത്. അരുണിനെയും ഭാര്യയെയും അമ്മ പ്രസന്ന കുമാരിയെയും പൊലീസ് മൊഴി എടുക്കാനായി വിളിപ്പിച്ചിരുന്നു. എന്നാൽ മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. സോമൻപിള്ളയെ പുറത്ത് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതാണെന്ന് മകൻ അരുൺ സമ്മതിച്ചു. ഇരുവരും സ്ഥിരമായി വൈകിട്ട് മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.