കണ്ണൂർ: കവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ പി.ഫൗണ്ടേഷൻ നല്കി വരുന്ന ‘താമരത്തോണി’ അവാർഡ് ‘ഡോ.സുരേഷ് നൂറനാടിന്. അപരകഥ എന്ന ആത്മകഥയ്ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. 2024 ഒക്ടോബർ 27 ഞായറാഴ്ച കണ്ണൂർ കൂട്ടാളി പൊതുജന വായനശാലയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ടി.പത്മനാഭൻ അവാർഡ്നൽകും.
കാനായി കുഞ്ഞിരാമൻ പ്രസിഡൻറും എം.ചന്ദ്രപ്രകാശ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് അവാർഡ് കൃതികൾ തെരഞ്ഞെടുത്തത് .കഴിഞ്ഞ ദിവസം കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്
ഡോ.സുരേഷ്, 1966-ൽ മാവേലിക്കരയിൽ ജനനം. ശത്രു, പുരാവസ്തു എന്നീ കവിതാ സമാഹാരങ്ങളും കവിതയിൽ നിറയുന്ന പ്രകൃതിബിംബങ്ങൾ, വാങ്മയം ,വിചാരലോകം എന്നീ പഠനഗ്രന്ഥങ്ങളും അപരകഥ എന്ന ആത്മകഥയുമാണ് പ്രധാന കൃതികൾ.
കവിതക്കൂട്ടുകാർ, പൂക്കൾവിഷം എന്നീ കവിതാസമാഹാരങ്ങളുടെ എഡിറ്റർ.’കേരളനിർമ്മാണം’ എന്ന ലേഖനസമാഹാരത്തിൻ്റെ അവതാരകൻ.’എതിരി’ എന്ന മലയാളം-തമിഴ് കവിതയും ‘പുരാവസ്തു’ എന്ന മലയാളം-ഹിന്ദി കവിതയും പ്രസിദ്ധീകരിച്ചു.തമിഴ് വിവർത്തനം കോഴിക്കോട് സർവ്വകലാശാലയിൽ പാഠപുസ്തകമായി.
23 വർഷക്കാലം ഹയർസെക്കൻ്ററി അദ്ധ്യാപകനായി ജോലി നോക്കി.1999-ൽ കേരള സർവ്വകലാശാലയിൽനിന്ന് ‘പ്രകൃതിബിംബങ്ങൾ ആധുനിക മലയാളകവിതയിൽ’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. ഭാര്യ: റീന രവീന്ദ്രൻ തോട്ടക്കോണം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഇക്കോണമിക്സ് അദ്ധ്യാപികയാണ്.