ഈരാറ്റുപേട്ടയില്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി; പാറമടകളില്‍ എത്തിക്കാൻ സൂക്ഷിച്ചതെന്ന് സൂചന

alternatetext

കോട്ടയം: ഈരാറ്റുപേട്ട നടക്കല്‍ കുഴിവേലില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗോഡൗണില്‍നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. ഈരാറ്റുപേട്ട പൊലീസ് നടത്തിയ പരിശോധനയില്‍ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്‌ട്രിക്, നോണ്‍ ഇലക്‌ട്രിക് ഡിറ്റനേറ്ററുകള്‍ ഉള്‍പ്പെടെ നിരവധി സ്ഫോടവസ്തുക്കളും കണ്ടെത്തി.

അനധികൃത പാറ മടകളിലേക്ക് എത്തിക്കാൻ സൂക്ഷിച്ചതാണെന്നാണ് പൊലീസ് നിഗമനം. ഇതേക്കുറിച്ച്‌ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം 300 ഇലക്‌ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമായി ഈരാറ്റുപേട്ട സ്വദേശി ഷിബിലിയെ കട്ടപ്പനയില്‍ നിന്ന് പിടികൂടിയിരുന്നു.

ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈരാറ്റുപേട്ട നടക്കല്‍ കുഴിവേലില്‍ റോഡിലെ ഗോഡൗണില്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതായി വിവരം ലഭിച്ചത്. ഷിബിലിയും കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്.

അതിനിടെ, കട്ടപ്പനയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. തീക്കോയി സ്വദേശി മുഹമ്മദ് ഫാസില്‍ ആണ് പിടിയിലായത്.

ഷിബിലിക്ക് സ്ഫോടക വസ്തുക്കള്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഷിബിലിയുടെ ജീപ്പില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തത്.