പത്തനംതിട്ട: കായിക താരത്തെ പീഡിപ്പിച്ച കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി. ഇന്ന് 14 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി വരെ 29 പേരായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായിരുന്നത്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ മൊഴിയെ തുടർന്ന് പൊലീസ് 58 പേരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ചിലർ വിദേശത്താണ്. ആകെ 29 എഫ്‌ഐആറാണ് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തില്‍ പാർപ്പിച്ചിട്ടുള്ള പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വരികയാണ്. അന്വേഷണസംഘം കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്തും.
2025-01-13