നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക്കീല്‍ നോട്ടീസ്

നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക്കീല്‍ നോട്ടീസ്
alternatetext

തിരുവനന്തപുരം: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചു. യഥാര്‍ത്ഥ വിവരങ്ങടങ്ങിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞുപരത്തി പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് എം.വി.ഗോവിന്ദൻ ശ്രമിച്ചതെന്നും ഇത് പൊതു പ്രവര്‍ത്തകൻ എന്ന നിലയില്‍ മാനഹാനി ഉണ്ടാക്കിയെന്നും മാപ്പ് പറയണമെന്നും രാഹുല്‍ അയച്ച നോട്ടീസില്‍ പറയുന്നു. അഡ്വ. മൃദുല്‍ ജോണ്‍ മാത്യു മുഖാന്തരമാണ് നോട്ടീസ് അയച്ചത്.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ചതെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷങ്ങളുടെ ഭാഗമായെടുത്ത കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യത്തിനായാണ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയത്.

അറസ്റ്റിന് തൊട്ടുമുൻപുള്ള ദിവസങ്ങളില്‍ അനാരോഗ്യം മൂലം ആശുപത്രിയില്‍ കഴിഞ്ഞതിന്റെ റിപ്പോര്‍ട്ടാണ് ഹാജരാക്കിയത്. എന്നാല്‍ കോടതി വീണ്ടും പരിശോധന നടത്താൻ നിര്‍ദേശിക്കുകയും ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പരിശോധനയില്‍ ഫിറ്റാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. ഇതോടെയാണ് രാഹുലിന് ജാമ്യം നിഷേധിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് നേരത്തെ രാഹുല്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിക്കുന്നത്.