ശുഭ വയനാടിന്റെ ‘ഒറ്റ പെങ്ങൾ’ ഗംഭീരം

ശുഭ വയനാടിന്റെ 'ഒറ്റ പെങ്ങൾ' ഗംഭീരം
alternatetext

കേരള വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം വളപ്പിൽ, തിരുവോണനാളിൽ ഒറ്റ പെങ്ങൾ എന്ന സ്ത്രീ ശാക്തീകരണ നാടകം അവതരിപ്പിച്ച കലാകാരിയായ ശുഭ വയനാട് അഭിനേത്രി എന്ന നിലയിൽ പ്രശസ്തിയുടെ പുതിയ തലങ്ങളിലേയ്ക്ക് കടക്കുന്നു. കലയോടുള്ള അർപ്പണബോധവും കഠിനാധ്വാനവും ആണ് ഈ കലാകാരിയുടെ കരുത്ത്.നാടകരംഗത്ത് 250 ഓളം വേദികൾ പിന്നിട്ട ശുഭ വയനാടിന് നാടകത്തോട്‌ ഏറെ പ്രതിബദ്ധതയാണുള്ളത്.

‘ഒറ്റ പെങ്ങൾ’ എന്ന നാടകം രചിച്ചത് ഷെരീഫ് പാങ്ങോട് ആണ്.ശക്തമായ ആശയങ്ങൾ കൊണ്ട് കരുത്ത് ആർജിച്ച മൂന്നു സ്ത്രീ കഥാപാത്രങ്ങളിലൂടെ ഇന്നത്തെ സാമൂഹിക,രാഷ്ട്രീയ വിഷയങ്ങളാണ് നാടകം ചൂണ്ടിക്കാട്ടുന്നത്. ശുഭ അവതരിപ്പിച്ച ദ്രൗപതി എന്ന കഥാപാത്രം ശക്തമായ കാര്യങ്ങളാണ് ഈ നാടകത്തിൽ പ്രതിപാദിക്കുന്നത്. കൗരവരുടെയും പാണ്ഡവരുടെയും ഒറ്റ പെങ്ങളായ, എന്നാൽ ഇതിഹാസങ്ങളിൽ ഇടം കിട്ടാതെ പോയ, മഹാഭാരത കഥയിൽ ആരും കൈകാര്യം ചെയ്യാത്ത ദുശ്ശള എന്ന കഥാപാത്രത്തെ വളരെ കൈയടക്കത്തോടെ എഴുതാൻ ഷെരീഫ് പാങ്ങോട് ശ്രമിച്ചിട്ടുണ്ട്.

നാടകരചയിതാവിന്റെ ശ്രമത്തെ പൂർണ്ണ രൂപത്തിലാക്കാൻ അഭിനേത്രി ശുഭ വയനാടിന് സാധിച്ചിട്ടുണ്ട്. ഇന്നത്തെ സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥയാണ് ദുശ്ശളയിലൂടെ പ്രേക്ഷകരിൽ എത്തുന്നത്. നാടകത്തെയും അഭിനയത്തെയും കുറിച്ച് നാടക പ്രേമികൾ നല്ല അഭിപ്രായം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയെന്ന് ശുഭ വയനാട് ആദിത്യ ന്യൂസിനോട് പറഞ്ഞു.

കാര്യവട്ടം ശ്രീകണ്ഠൻ നായർ സംവിധാനം ചെയ്ത ഒരു സീരിയൽ ദുരന്തം ആണ് ഓണാഘോഷ പരിപാടിയിൽ ശുഭ വയനാട് അഭിനയിച്ച മറ്റൊരു നാടകം. ഇതിൽ പാൽക്കാരിയുടെ വേഷമാണ്. ഒരേ ദിവസം, ഒരേ സ്റ്റേജിൽ ഒറ്റപെങ്ങൾ ദുശ്ശളയെയും പാൽക്കാരിയെയും അതി ഗംഭീരമായി അവതരിപ്പിക്കാൻ ശുഭ വയനാടിനു കഴിഞ്ഞിട്ടുണ്ട്.

നാടകത്തോടൊപ്പം സിനിമയിലും ഷോർട്ട് ഫിലിമിലും പരസ്യ ചിത്രത്തിലും ശുഭ അഭിനയിക്കുന്നുണ്ട്. ഗായികയും സംവിധായകയും കലാ, സാംസ്‌കാരിക, കാരുണ്യ പ്രവർത്തകയും നല്ലൊരു സംഘാടകയും കൂടിയാണ് ഈ യുവതി. അഭിനയ, പ്രവർത്തന മികവുകൾക്ക് അംഗീകാരമായി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജന്മനാട് വയനാട് ആണെങ്കിലും കലയുടെ ഇടം കണ്ടെത്തിയത് തിരുവനന്തപുരത്താണ്.