ചാരുംമൂട്: വഴി ചോദിക്കാനെന്ന പേരില്‍ കാർ നിർത്തി വയോധികയെ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവർന്നശേഷം ആളൊഴിഞ്ഞ റോഡില്‍ തള്ളിയയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. അടൂർ മൂന്നളം സഞ്ചിത് ഭവനില്‍ സഞ്ജിത് എസ്. നായർ (44) എന്നയാളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ബാങ്കില്‍ വാർധക്യകാല പെൻഷൻ വാങ്ങാൻ പന്തളത്തേക്ക് പോകാൻനിന്ന ആറ്റുവ സ്വദേശിയായ 75കാരിയാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
ഇടപ്പോണ്‍ എ.വി മുക്കില്‍ പന്തളത്തേക്ക് പോകാൻ ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് കാർ നിർത്തിയ ശേഷം വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തപ്പോള്‍ പന്തളത്തേക്കാണെങ്കില്‍ കാറില്‍ കയറാൻ പറഞ്ഞു. വരുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് പിൻസീറ്റില്‍ കയറ്റി യാത്ര തുടർന്നപ്പോള്‍ യുവാവ് വിശേഷങ്ങള്‍ ആരാഞ്ഞു.
ചേരിക്കല്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും വയോധികയുടെ മുഖത്തേക്ക് മൂന്നുതവണ പെപ്പർ സ്പ്രേ അടിച്ചു. മുഖം പൊത്തി ശ്വാസംമുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തില്‍ കിടന്ന മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചപ്പോള്‍ തടയാൻ ശ്രമിച്ചെങ്കിലും കഴുത്തില്‍ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.തുടർന്ന് കഴുത്തില്‍ കിടന്ന മൂന്നുപവന്‍റെ മാലയും ഒരുപവൻ വരുന്ന വളയും ബലമായി ഊരിയെടുത്തു.
പിന്നീട് റോഡരികില്‍ നിർത്തിയ കാറില്‍നിന്ന് ഇയാള്‍ വയോധികയെ റോഡില്‍ തള്ളിയിറക്കി. ഇറങ്ങുന്നതിനിടയില്‍ ഇവരുടെ കൈയിലിരുന്ന പഴ്സും യുവാവ് തട്ടിപ്പറിച്ചു. റോഡില്‍ കരഞ്ഞുകൊണ്ടു നിന്ന വയോധികയെ സമീപത്തെ വീട്ടിലെ വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളി സ്ത്രീകളും വിവരങ്ങള്‍ അന്വേഷിച്ചശേഷം വണ്ടിക്കൂലി നല്‍കി വീട്ടിലേക്ക് ബസ് കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് പൊലീസില്‍ വിവരമറിയിച്ചത്.
തുടർന്ന് ജില്ല പൊലീസ് മേധാവി എം.പി. മോഹന ചന്ദ്രൻ ഉടൻ നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തില്‍ ഒരുമണിക്കൂറിനുള്ളില്‍ കാറിന്റെ നമ്ബർ കണ്ടെത്തി ഉടമയിലേക്ക് എത്തുകയായിരുന്നു. ഇയാളുടെ വീട്ടില്‍ ഒളിപ്പിച്ചുവെച്ചിരുന്ന സ്വർണാഭരണങ്ങളും പെപ്പർ സ്പ്രേയും കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച സുസുക്കി ഡിസയർ കാറും പിടിച്ചെടുത്തു. ബി.എസ്.സി കമ്ബ്യൂട്ടർ സയൻസ് ബിരുദധാരിയായ ഇയാള്‍ കുറച്ചുവർഷം മുമ്ബ് വരെ വിദേശത്തായിരുന്നു. നാട്ടിലെത്തിയശേഷം മറ്റു വരുമാനമാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കാറിന്റെയും ആഡംബര ബൈക്കിന്റെയും ലോണ്‍ കുടിശ്ശികയായി. കടബാധ്യത പെരുകിയപ്പോള്‍ ഇയാള്‍ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിനിമ കണ്ടാണ് പെപ്പർ സ്പ്രേ ആയുധമാക്കി കവർച്ച ആസൂത്രണം ചെയ്തതെന്ന് പ്രതി വെളിപ്പെടുത്തി. മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു