മാലിന്യമുക്ത നവകേരളം ക്യാമ്ബയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന നാഷണല്‍ സർവീസ് സ്കീമിന്റെ നേതൃത്വത്തില്‍ വിവിധ യൂണിറ്റുകള്‍ക്ക് കീഴില്‍ ഒരുക്കിയ ‘സ്നേഹാരാമങ്ങളു’ടെ സംയുക്തസമർപ്പണം ജനുവരി 24ന് നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
24നു രാവിലെ 11ന് തിരുവനന്തപുരം ഗവ.വിമൻസ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ബിന്ദു സമർപ്പണ ഉദ്ഘാടനം നിർവ്വഹിക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ നാഷണല്‍ സർവീസ് സ്കീം യൂണിറ്റുകള്‍ക്ക് ആഹ്വാനം നല്കി മന്ത്രി പ്രഖ്യാപിച്ച ‘സ്നേഹാരാമങ്ങള്‍’ (പൂർത്തിയായ 2740ഉം പ്രവൃത്തി അന്തിമ ഘട്ടത്തിലുള്ള 260ഉം അടക്കം) ആണ് നാടിനു സമർപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിർമ്മലം’ പദ്ധതിയുടെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളില്‍ സ്നേഹാരാമങ്ങള്‍ യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ 3000 കേന്ദ്രങ്ങളെ സ്നേഹാരാമങ്ങളാക്കാൻ തിരഞ്ഞെടുത്ത്, 3500 എൻ.എസ്.എസ് യൂണിറ്റുകളില്‍ ഒരു വർഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണിപ്പോള്‍ പദ്ധതിയില്‍. നാഷണല്‍ സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിലും സംസ്ഥാന-ജില്ലാ എൻ എസ് എസ് ഓഫീസുകളുടെ ഏകോപനത്തിലുമാണിത്. കലാലയങ്ങളിലെ മറ്റു വിദ്യാർത്ഥി കൂട്ടായ്മകള്‍, ത്രിതല പഞ്ചായത്ത് സമിതികള്‍, ബഹുജന കൂട്ടായ്മകള്‍ എന്നിവ പദ്ധതിക്ക് സഹകരണമേകുന്നു. ഓരോ എൻ.എസ്.എസ് യൂണിറ്റും പൊതുജനങ്ങള്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്ത പ്രദേശമാക്കി, പൊതുജനങ്ങള്‍ക്കു ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
എൻ.എസ്.എസ് യൂണിറ്റുകള്‍ തങ്ങളുടെ തൊട്ടടുത്തുള്ള പൊതുസ്ഥലങ്ങളിലും, ദത്തുഗ്രാമങ്ങളിലും ആണ് സ്നേഹാരാമങ്ങള്‍ പൂർത്തീകരിച്ചിരിക്കുന്നത്. എൻ.എസ്.എസ് സന്നദ്ധഭടന്മാരെ മാലിന്യമുക്തം നവകേരളം 2024 പദ്ധതിയിലെ വിവരവിജ്ഞാന ശേഷിവികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കും. മാലിന്യസംസ്കരണത്തില്‍ പൗരോത്തരവാദിത്തങ്ങളെ കുറിച്ചും പിന്തുടരേണ്ട ശരിയായ ശീലങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിച്ച് സന്നദ്ധഭടന്മാരെ സാമൂഹികമാറ്റത്തില്‍ ചാലകശക്തിയാക്കി മാറ്റുക എന്നതു കൂടിയാണ് ക്യാമ്ബയിനിന്റെ പ്രസക്തി.