താനൂർ : സനാതന ധർമം ചാതുർവർണ്യത്തിന്റെ ഭാഗമല്ലെന്ന വി.ഡി. സതീശന്റെ നിലപാടിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സതീശൻ ഹിന്ദു വർഗീയതയെ വെള്ള പൂശാനുള്ള ശ്രമമാണ് നടത്തിയതെന്നും, മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സനാതന ധർമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന് പിന്നാലെ വിവിധ നേതാക്കള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തുന്നതിനിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ നിലപാട് ആവർത്തിച്ചത്. മുഖ്യമന്ത്രിയോട് വിയോജിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ ശിവഗിരിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
സനാതന ധർമം നമ്മുടെ സംസ്കാരമാണ്. എങ്ങനെയാണ് അത് ചാതുർവർണ്യത്തിൻ്റെ ഭാഗമാകുന്നത്. രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം, അതാണ് സനാതന ധർമം. സനാതന ധർമത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുകയാണ്.
മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതന ധർമം -വി.ഡി. സതീശൻ പറഞ്ഞു. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ശ്രീനാരായണ ഗുരു സനാതന ധർമത്തിന്റെ വക്താവോ, പ്രയോക്താവോ ആയിരുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സനാതന ധർമം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വർണാശ്രമ ധർമമല്ലാതെ മറ്റൊന്നുമല്ല. ആ വർണാശ്രമ ധർമത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമം.
ഗുരു എന്തിനൊക്കെയെതിരെ പൊരുതിയോ അതിന്റെയൊക്കെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവും. അതുണ്ടായിക്കൂട. അത്തരം ദുർവ്യാഖ്യാനങ്ങള്‍ അനുവദിക്കില്ല എന്ന് ഉറച്ചുപ്രഖ്യാപിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.