സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാർ ഇന്ന് പൊങ്കാലയിടും

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാർ ഇന്ന് പൊങ്കാലയിടും
alternatetext

വേദനകള്‍ ഉള്ളിലൊതുക്കി പ്രതീക്ഷയോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാർ ഇന്ന് പൊങ്കാലയിടും. ‘മനമുരുകി പ്രാർത്ഥിക്കുന്നവരെ ഇഷ്ടവരദായിനിയായ ആറ്റുകാലമ്മ കൈവെടിയില്ല. ആ വിശ്വാസമാണ് ഞങ്ങളുടെ ശക്തി..’ആശമാർ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരായ പ്രതിഷേധമായിട്ടല്ല പൊങ്കാല അർപ്പിക്കുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കി. സമരം വിജയിക്കണമെന്നും വേതനം വർദ്ധിപ്പിക്കണമെന്നും സർക്കാരിന്റെ കണ്ണുതുറക്കണമെന്നും തന്നെയാണ് ആശമാരുടെ പ്രാർത്ഥന. കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ മാറാനും അസുഖങ്ങള്‍ ഭേദമാകാനും പൊങ്കാലയിടുന്നവരുമുണ്ട്.

വെള്ളച്ചോറും അരവണയും തന്നെയാണ് കൂടുതല്‍പേരും അർപ്പിക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്നടക്കം നൂറോളം ആശമാരാണ് പൊങ്കാല അർപ്പിക്കാനെത്തുന്നത്. കഴിഞ്ഞദിവസം പലരും വീടുകളില്‍ പോയി പൊങ്കാലയിടാനുള്ള സാധനങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് കൊണ്ടുവന്നു.

ഇന്നലെ രാവിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആറ്റുകാല്‍ ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കിടെ ആശമാരെ സന്ദർശിച്ചു. രാഷ്ട്രീയ കലർപ്പില്ലാതെ ചെയ്യാൻ കഴിയുന്നത് താൻ ചെയ്യുന്നുവെന്നും അതിന്റെ നേരിയ സൂചനകള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു.ആശമാർക്ക് അനുകൂലമായ രീതിയില്‍ നല്ലത് സംഭവിക്കട്ടെയെന്ന നിലപാടാണ് എന്റേത്.സംസ്ഥാന സർക്കാരിനെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊങ്കാലയിടുന്ന ആശമാർക്ക് കിറ്റുകള്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.

വൈകിട്ടോടെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷും മഹിളാമോർച്ചാ പ്രവർത്തകരുമെത്തി ആശമാർക്ക് കിറ്റുകള്‍ കൈമാറി.കെ.കെ.രമ എം.എല്‍.എയും ആശമാരെ സന്ദർശിച്ചു