തിരുവനന്തപുരം: സനാതനധർമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ്. സനാതനധർമം ചാതുർവർണ്യത്തിന്റെ ഭാഗമല്ലെന്നും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വി.ഡി സതീശൻ പറഞ്ഞു. സനാതനധർമം എങ്ങനെയാണ് ചാതുർവർണ്യത്തിന്റെ ഭാഗമാകുന്നത്? നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് സനാതനധർമം. രാജ്യത്തിന്റെ സവിശേഷതയാണത്. സനാതനധർമത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുകയാണ്. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതനധർമമെന്നും രാജ്യത്തെ മുഴുവൻ ആളുകളുടെയും പാരമ്ബര്യവും പൈതൃകവുമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
കാവിവല്‍ക്കരണം എന്ന വാക്ക് തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അമ്ബലത്തില്‍ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ? സനാതനധർമം അവർക്ക് ചാർത്തിക്കൊടുക്കാൻ തങ്ങളില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഗുരുദേവനെ റാഞ്ചിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നുമായിരുന്നു നേരത്തെ കെ. സുധാകരൻ പ്രതികരിച്ചത്. സനാതനധർമത്തിന്റെ പേരില്‍ ഗുരുദേവനെ ചതുർവർണ്യത്തിലും വർണാശ്രമത്തിലും തളയ്ക്കാൻ ശ്രമം നടക്കുകയാണ്. ഗുരുദേവനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്നും ശിവഗിരി തീർഥാടന സമ്മേളനത്തില്‍ സുധാകരൻ പറഞ്ഞു.