തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കിയതിന് പിന്നാലെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ (പി.ജി) ഘടനയിലും മാറ്റത്തിനുള്ള കരട് രേഖയായി. മൂന്ന് രീതിയില്‍ പി.ജി പഠനം പൂർത്തിയാക്കാനുള്ള വഴിയാണ് കരട് രേഖയില്‍ വ്യവസ്ഥ ചെയ്യുന്നത്. നാല് വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് ഒരുവർഷം കൊണ്ട് രണ്ട് സെമസ്റ്ററുകളിലായി പി.ജി പഠനം പൂർത്തിയാക്കാനാകും. മൂന്ന് വർഷ ബിരുദം നേടിയവർക്ക് പഴയരീതിയില്‍ രണ്ട് വർഷം കൊണ്ട് പി.ജി പഠനം പൂർത്തിയാക്കാനുള്ള അവസരവും തുടരും.
മൂന്ന് വർഷ ബിരുദം നേടിയവർ പി.ജി പഠനത്തിന് ചേർന്ന് ഒരുവർഷം കൊണ്ട് നിശ്ചിതഎണ്ണം ക്രെഡിറ്റ് നേടി പുറത്തുപോവുകയാണെങ്കില്‍ (എക്സിറ്റ്) നാല് വർഷ ഓണേഴ്സ് ബിരുദം ലഭിക്കും. സംസ്ഥാനത്തെ സർവകലാശാലകളില്‍ നിലവിലില്ലാത്ത അഞ്ച് വർഷ സംയോജിത ബിരുദ -പി.ജി കോഴ്സും കരട് രേഖയില്‍ ശിപാർശ ചെയ്തിട്ടുണ്ട്. ബിരുദതലത്തില്‍ പഠിച്ച മേജർ, മൈനർ വിഷയങ്ങളില്‍ ഏതിലും പി.ജി ചെയ്യാം.
മൈനർ വിഷയത്തില്‍ പി.ജി ചെയ്യുന്നവരാണെങ്കില്‍ അവർ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദതലത്തില്‍ 32 ക്രെഡിറ്റ് നേടിയിരിക്കണം. ദേശീയ, സർവകലാശാലതല പ്രവേശന പരീക്ഷകള്‍ പാസാകുന്നവർക്ക് മേജർ, മൈനർ വിഷയ വ്യത്യാസമില്ലാതെ പി.ജി പ്രവേശനത്തിന് അർഹതയുണ്ടാകും. ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി തയാറാക്കിയ കരട് രേഖയില്‍ സർവകലാശാല തലങ്ങളില്‍ ശില്‍പശാല നടത്തി പി.ജി പഠനത്തിന്‍റെ അന്തിമ രൂപരേഖയുണ്ടാക്കും. ആദ്യശില്‍പശാല കുസാറ്റില്‍ സംഘടിപ്പിച്ചു.