സംസ്ഥാനത്തെ റെയില്‍വേക്ക് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ തുക മാറ്റിവച്ച ബജറ്റെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

സംസ്ഥാനത്തെ റെയില്‍വേക്ക് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ തുക മാറ്റിവച്ച ബജറ്റെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
alternatetext

തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ തുക മാറ്റിവച്ച ബജറ്റാണ് ഇത്തവണത്തെ ഇടക്കാല ബജറ്റെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റില്‍ 2,744 കോടി രൂപയാണ് കേരളത്തിന് വകയിരുത്തിയത്. 2009-14 കാലത്തെ സർക്കാർ അനുവദിച്ചതിന്റെ ഏഴ് മടങ്ങ് തുകയാണ് ഇത്തവണ നല്‍കിയതെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു.

പാത ഇരട്ടിപ്പിക്കല്‍, ട്രാക്ക് നവീകരണം, സ്റ്റേഷൻ വികസനം, തു‌ടങ്ങിയ വികസന പ്രവർത്തനങ്ങളാകും കേരളത്തില്‍ നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 35 സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിലുള്ളത്. ഇവ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം-കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 365 കോടി രൂപ, ആലപ്പുഴ വഴിയുള്ള പാതയിരട്ടിപ്പിക്കലിന് 707 കോടി രൂപ എന്നിവ മാറ്റി വച്ചിട്ടുണ്ട്.

എറണാകുളം-കുമ്ബളം പാതയ്‌ക്ക് 105 കോടി, കുമ്ബളം-തുറവൂർ പാതയ്‌ക്ക് 102 കോടി, തുറവൂർ-അമ്ബലപ്പുഴ പാതയ്‌ക്ക് 500 കോടി എന്നിങ്ങനെയാണ് 707 കോടി രൂപ നീക്കി വച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേയിലെ ഓട്ടോമാറ്റിക് സിഗ്നലിംഗ് പദ്ധതികള്‍ക്കായി 42 കോടി രൂപ നീക്കി വച്ചിരിക്കുന്നതിന്റെ പ്രയോജനം എറണാകുളം-വള്ളത്തോള്‍ നഗർ സെക്‌ഷനിലെ പദ്ധതിക്ക് ലഭിക്കും. അങ്കമാലി-എരുമേലി ശബരിമല പാതയ്‌ക്ക് ഇത്തവണയും 100 കോടി വകയിരുത്തിയിട്ടുണ്ട്.