പത്തനംതിട്ട: വൃശ്ചികപ്പുലരിയിൽ നടതുറക്കുന്നതും കാത്ത് ആയിരക്കണക്കിന് അയ്യപ്പൻമാരാണ് വ്യാഴാഴ്ച വൈകിട്ടോടെ നടപ്പന്തലിൽ കാത്തുനിൽക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ മണ്ഡലക്കാല പൂജകൾക്കായി നടതുറക്കുന്ന വൃശ്ചികം ഒന്നിന് രാവിലെ തന്നെ അയ്യനെ കാണാമെന്ന സന്തോഷത്തിൽ ബുദ്ധിമുട്ടുകളെല്ലാം മറന്ന് ശരണം വിളിയോടെയാണ് അയ്യപ്പൻമാർ കാത്തുനിൽക്കുന്നത്.
ദർശനപുണ്യം തേടി ഇരുമുടിയേന്തി കേന്ദ്രമന്ത്രി സന്നിധാനത്തെത്തി. കേന്ദ്രകാർഷിക- കർഷകക്ഷേമ സഹമന്ത്രിയായ ശോഭ കരന്തലാജെയാണ് ശബരിമലയിൽ അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് എത്തിയിട്ടുള്ളത്.
മലയിലേക്ക് അയ്യപ്പൻമാർ കൂട്ടമായി എത്തിക്കൊണ്ടിരിക്കുന്ന വേളയിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും സംഘവും നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ നേരിൽക്കണ്ട് വിലയിരുത്തി