മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി
alternatetext

തിരുവനന്തപുരം: തീർഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷയും വെർച്വല്‍ ക്യൂവിനൊപ്പം തത്സമയ ബുക്കിങ്ങിനും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളോടെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി. 70,000 പേർക്ക് വെർച്വല്‍ ക്യൂ വഴിയും 10,000 പേർക്ക് തത്സമയ ബുക്കിങ്ങുമടക്കം 80,000 പേർക്ക് പ്രതിദിന ദർശന സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വാർത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

ആധാർ രേഖകള്‍ നല്‍കിയാണ് തത്സമയ ബുക്കിങ് നടത്തേണ്ടത്. ആധാർ ഇല്ലാത്തവർ പാസ്പോർട്ടോ വോട്ടർ ഐ.ഡിയോ കരുതണം. ഒപ്പം ഫോട്ടോയുമെടുക്കും. ഇതിനായി പമ്ബ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളില്‍ പ്രത്യേകം കൗണ്ടറുകള്‍ ഏർപ്പെടുത്തും. പുലർച്ചെ മൂന്ന് മുതല്‍ ഉച്ചക്ക് ഒരുമണിവരെയും ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ് ദർശന സമയം. കഴിഞ്ഞ വർഷം 16 മണിക്കൂറായിരുന്നത് ഇക്കുറി 18 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്. തീർഥാടകരുണ്ടെങ്കില്‍ നടയടയ്ക്കുന്ന സമയം അരമണിക്കൂർ വരെ ദീർഘിപ്പിക്കും. നവംബർ 15ന് വൈകീട്ട് അഞ്ചിന് നടതുറക്കും.

തീർഥാടകർക്കും ജീവനക്കാർക്കുമായി ദേവസ്വം ബോർഡ് അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ഏർപ്പെടുത്തി. ഒരു രൂപപോലും പ്രീമിയം ഈടാക്കാതെ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്ബനിയുമായി സഹകരിച്ചാണ് പരിരക്ഷ. കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ല പരിധിയിലുണ്ടാകുന്ന അപകടങ്ങള്‍ക്കാണ് ഇൻഷുറൻസ് ലഭിക്കുക. അപകട മരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് ലഭ്യമാക്കുക. കേരളത്തിനുള്ളിലാണെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 30000 രൂപയും പുറത്താണെങ്കില്‍ ഒരു ലക്ഷം രൂപയും നല്‍കും.

നിലയ്ക്കലില്‍ 7500-8000 വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്. പുറമേ 2000 വാഹനങ്ങള്‍ക്ക് കൂടി സൗകര്യമൊരുക്കും. ഇതോടെ നിലയ്ക്കലിലെ വാഹന പാർക്കിങ് ശേഷി 10,000 എണ്ണമാകും. ഫാസ് ടാഗ് വഴിയാണ് പാർക്കിങ് ഫീസ് ഇടാക്കുന്നത്. 1500 ചെറിയ വാഹനങ്ങള്‍ പമ്ബയിലും പാർക്ക് ചെയ്യാം.ബോർഡ് അംഗങ്ങളായ അഡ്വ.എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.