മലപ്പുറം: എസ്‌പിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ നിലമ്ബൂര്‍ എംഎല്‍എ പി വി അൻവറിനെ തടഞ്ഞ് പൊലീസ്. എസ്പിയുടെ വസതിയില്‍ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനാണ് എംഎല്‍എ എത്തിയത്. എന്നാല്‍ പാറാവ് ഡ്യൂട്ടിയില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎല്‍എയെ വസതിയിലേക്ക് കടത്തിവിട്ടില്ല.
എസ്പി കുടുംബമായി താമസിക്കുന്ന വീടാണ് ഇതെന്നും എംഎല്‍എയെ കയറ്റി വിടാനുള്ള അനുമതി തന്നിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. എസ്പിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയി കാണണമെന്നും പറഞ്ഞു. ആരോടും അനുമതി ചോദിക്കേണ്ട കാര്യം തനിക്കില്ലെന്നും വെട്ടിയ മരത്തിന്റെ കുറ്റി കാണാനാണ് താൻ വന്നത് എന്നും എംഎല്‍എ മറുപടി പറഞ്ഞു. അനുവാദം ഇല്ലാതെ കടത്തി വിടാന്‍ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എംഎല്‍എ മടങ്ങി.
പൊതുവേദിയില്‍ പി വി അൻവർ മലപ്പുറം എസ് പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവില്‍ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. പി വി അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അൻവർ എംഎല്‍എ രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു.