കേസുണ്ടെന്നുകരുതി വിദേശ യാത്ര തടയാനാവില്ല ; ഡല്‍ഹി ഹൈകോടതി

കേസുണ്ടെന്നുകരുതി വിദേശ യാത്ര തടയാനാവില്ല ; ഡല്‍ഹി ഹൈകോടതി
alternatetext

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുണ്ടെന്ന കാരണത്താല്‍ വിദേശത്ത് തൊഴിലവസരം തേടുന്നതില്‍ നിന്ന് പൗരനെ തടയാനാവില്ലെന്ന് സുപ്രധാന വിധിയില്‍ ഡല്‍ഹി ഹൈകോടതി വ്യക്തമാക്കി. കുറ്റവാളിയെന്ന് കോടതി വിധിക്കാതെ വിദേശ യാത്രക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നല്‍കാതിരിക്കാനാവില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുലയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചു. എഫ്.ഐ.ആർ ഉണ്ടെന്ന കാരണം പറഞ്ഞ് വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനാവില്ലെന്നും ഹൈകോടതി ഓർമിപ്പിച്ചു.

ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതി ചേർക്കപ്പെട്ട കരോള്‍ ബാഗിലെ അമർദീപ് സിങ് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി. പൗരന്റെ മൗലികാവകാശങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്താൻ ഭരണകൂടത്തിന് അവകാശമുണ്ടെങ്കിലും കോടതി കുറ്റവാളിയെന്ന് കണ്ടെത്തുകയോ ശിക്ഷ വിധിക്കുകയോ ചെയ്യാത്തിടത്തോളം കേവലം എഫ്.ഐ.ആറിന്റെ പേരില്‍ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കാനാവില്ലെന്നും വിദേശയാത്രക്ക്, കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതി തേടിയാല്‍ മതിയെന്നും ഹൈകോടതി വ്യക്തമാക്കി.

കേസ് നിലനില്‍ക്കെ 2019ല്‍ ഹരജിക്കാരന് പാസ്പോർട്ട് പുതുക്കി നല്‍കിയത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള ഹരജിക്കാരന്റെ അവകാശം തടയാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി.