യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവം ; എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവം ; എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
alternatetext

യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ നാല് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം അഡീഷണല്‍ സി ജെ എം കോടതിയുടേതാണ് നടപടി.

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ അമല്‍, മിഥുന്‍, അലന്‍, വിധു എന്നിവരായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ നാല് പേരുടേയും അറസ്റ്റ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തടഞ്ഞിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദനമേറ്റത്. എസ്‌എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദനമേറ്റ മുഹമ്മദ് അനസും.

പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മര്‍ദിച്ചുവെന്നുമാണ് മുഹമ്മദ് അനസ് പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.