ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കമുള്ളവർക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 18ലേക്ക് മാറ്റി.
കേസില്‍ ആഗസ്റ്റ് നാലുവരെയുള്ള തല്‍സ്ഥിതി റിപ്പോർട്ട് ബുധനാഴ്ച കർണാടക സർക്കാർ സമർപ്പിച്ചു. തല്‍സ്ഥിതി റിപ്പോർട്ടിന്മേല്‍ ഹരജിക്കാരന്റെ പ്രതികരണവും കോടതി തേടി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച ഹരജി പരിഗണിച്ചത്.
ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തത്തിലെ ഇരകളുടെ പുനധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് അറിയിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. അടുത്ത ഹിയറിങ് ദിനത്തില്‍ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.