റേഷൻ കാര്‍ഡ് മസ്റ്ററിങില്‍ കേരളത്തിന് നേട്ടം; 85 ശതമാനം പേരും പൂര്‍ത്തിയാക്കി

റേഷൻ കാര്‍ഡ് മസ്റ്ററിങില്‍ കേരളത്തിന് നേട്ടം; 85 ശതമാനം പേരും പൂര്‍ത്തിയാക്കി
alternatetext

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് കേരളത്തില്‍ 85ശതമാനവും പൂര്‍ത്തീയാക്കിയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.ഏറ്റവും കൂടുതല്‍ റേഷൻ കാര്‍ഡ് ഉടമകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയെന്നും ജിആര്‍ അനില്‍ പറഞ്ഞു. മുഴുവൻ പേരും മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനായാണ് നവംബര്‍ 30വരെ ദീര്‍ഘിപ്പിച്ചത്. ആദ്യഘട്ടത്തില്‍ അപ്ഡേഷൻ ചെയ്യാൻ കഴിയാത്തവർക്കായി ഐറിസ് സ്കാനർ സംവിധാനം ഉപയോഗിക്കും.

മേരാ കെവൈസി ആപ്പിന്‍റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. നവംബർ 11 മുതല്‍ ഈ ആപ്പിലൂടെ മസ്റ്റിങ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇത്തരത്തില്‍ നവംബര്‍ 30നുള്ളില്‍ 100ശതമാനം ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂര്‍ത്തീയാക്കുമെന്നും മന്ത്രി പറഞ്ഞു. മുൻഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങിനുള്ള സമയ പരിധി നേരത്തെ നവംബര്‍ അഞ്ചുവരെയാണ് നീട്ടിയിരുന്നത്.

ഇതാണിപ്പോള്‍ നവംബര്‍ 30വരെ തുടരുമെന്ന് മന്ത്രി അറിയിച്ചത്. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തില്‍ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍, കൂടുതല്‍ പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ഒക്ടോബര്‍ 25വരെ മസ്റ്ററിങ് നീട്ടിയിരുന്നു.

ഇതിനുശേഷമാണ് പിന്നീട് നവംബര്‍ അഞ്ചുവരെ നീട്ടിയത്. സുപ്രീം കോടതി ഉത്തരവനുസരിച്ച്‌ കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സർക്കാരിന് നല്‍കിയ നിർദേശം. ചെയ്തില്ലെങ്കില്‍ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.