രാഷ്ട്രീയ പാർട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ കമ്മിഷൻ കഴിഞ്ഞ ദിവസം സമർപ്പിച്ച വിവരങ്ങളാണ് പുറത്തുവിട്ടത്. 2019 ഏപ്രില്‍ 12ന് മുമ്ബുള്ള ഡാറ്റയാണിത്. ഇതിന് ശേഷമുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.
2017-’18 സാമ്ബത്തിക വർഷത്തില്‍ ബി.ജെ.പിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി ബി.ജെ.പിക്ക് ലഭിച്ചു. 2019 തിരഞ്ഞെടുപ്പിന് മുമ്ബ് 1450 കോടിയുടെ ബോണ്ട് ബി.ജെ.പിക്ക് ലഭിച്ചു. ഈ കാലയളവില്‍ കോണ്‍ഗ്രസിന് 383 കോടിയാണ് സംഭാവനയായി ലഭിച്ചത്.
അതേസമയം ഡി.എം.കെയ്ക്ക് ലഭിച്ച 656.5 കോടിയില്‍ 509 കോടിയും സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടല്‍ സർവീസസ് കമ്ബനിയാണ് നല്‍കിയത്. 2020നും 2023നും ഇടയിലെ ബോണ്ടുകളുടെ കണക്കാണ് പുറത്തുവന്നത്. മാർട്ടിൻ ആകെ വാങ്ങിയ 1368 കോടിയുടെ ഇലക്ടറല്‍ ബോണ്ടില്‍ 37 ശതമാനമാണ് ഡി.എം.കെയ്ക്ക് നല്‍കിയത്. മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്, സണ്‍ ടിവി, രാംകോ സിമന്റ്സ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവരും ഡി.എം.കെയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. അതേസമയം പ്രതിപക്ഷ പാർട്ടിയായ എ.ഐ.ഡി.എം.കെയ്ക്ക് ലഭിച്ച 6 കോടിയില്‍ അഞ്ചുകോടിയും നല്‍കിയത് ചെന്നൈ സൂപ്പർ കിംഗ്സാണ്.