രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസ് : വിധി ഈ മാസം 20ന്

രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസ് : വിധി ഈ മാസം 20ന്
alternatetext

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന ആലപ്പുഴയിലെ അഡ്വ രജ്ഞിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവി ഈ മാസം 20ന് വിധി പറയും. 2021 ഡിസംബർ 19 ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളാണ് നിലവിൽ വിചാരണ നേരിടുന്നത്.

ആലപ്പുഴ ഡിവൈഎസ് പി എൻ ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിൽപരം തൊണ്ടി മുതലുകളുമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ തെളിവായി ഹാജരാക്കിയത്. ഫിംഗർ പ്രിൻ്റുകൾ, സയൻ്റിഫിക് തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പ് സഹായത്തോടെ തയ്യാറാക്കിയ റൂട്ടു മാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ പ്രോസിക്യൂഷൻ ആശ്രയിച്ചിരുന്നു.

പ്രതികളുടെ തിരിച്ചറിയൽ പരേഡിൽ നടത്തിയ ജുഡീഷ്യൽ ഓഫീസർമാർ, ഡോക്ടർമാർ, പോലിസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ നേതാക്കൾ, സാധാരണക്കാർ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവരായ സാക്ഷികളെയാണ് കോടതിയിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്. രഞ്ജിത്ത് ശ്രീനിവാസനെ കൊലപാതകം നടത്തണമെന്നുള്ള ഉദ്ദേശം വളരെ നേരത്തെ തന്നെ പ്രതികൾ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയ്ക്ക് ഉണ്ടായിരുന്നുവെന്നും ആയതിനായി വിശദവും വിപുലവുമായ മുന്നൊരുക്കങ്ങളും ഗൂഢാലോചനകളും പ്രതികൾ നടത്തിയിരുന്നു എന്നും പ്രത്യേകം പരിശീലനം ലഭിച്ച പ്രതികൾ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനായി രാത്രി ഒരു മണിയോടുകൂടി ആലപ്പുഴ നഗരത്തിലുള്ള രഞ്ജിത്തിന്റെ വീടിനു സമീപം എത്തിയിരുന്നു എന്നും എന്നാൽ സാഹചര്യം മോശമായതുകൊണ്ട് മടങ്ങിപ്പോയശേഷം രാവിലെ ആറരയോട് കൂടി വീണ്ടും എത്തി കൊലപാതകം നടത്തുകയായിരുന്നു എന്നുമാണ് പ്രോസിക്യൂഷൻ കേസ്.

കേസിലെ 15 പ്രതികളെ എകദേശം 6000 ത്തോളം പേജുകളിലായാണ് വിചാരണ കോടതി ജഡ്ജി ക്രിമിനൽ നടപടി നിയമം 313 വകുപ്പ് പ്രകാരം ചോദ്യം ചെയ്ത് മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളത്.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പരമാവധി സാക്ഷികളെ വിസ്തരിച്ച് കേസിൽ തീർപ്പ് ഉണ്ടാക്കണം എന്നുള്ള ലക്ഷ്യത്തോടെയുള്ള സമീപനമാണ് പ്രോസിക്യൂഷൻ ഈ കേസിൽ തുടക്കം മുതൽ തന്നെ സ്വീകരിച്ചിരുന്നത്.

ഇതിനിടെ കേസ് വിചാരണ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടും പ്രതികൾക്ക് സുരക്ഷ കുറവാണ് എന്നും മറ്റും ഉള്ള ആരോപണങ്ങളും പ്രതിഭാഗത്തുനിന്നും ഉയരുകയുണ്ടായി. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് കേസ് വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റപ്പെട്ടത്. ആ വിധിക്കെതിരെ പ്രതികൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരുന്നു എങ്കിലും ഇടപെടുവാൻ സുപ്രീംകോടതി വിസമ്മതിക്കുകയാണ് ഉണ്ടായത്.

കേസിലെ സാക്ഷികൾക്കും പ്രോസിക്യൂഷൻ അഭിഭാഷകർക്കും നേരെ കടുത്ത ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ അതിശക്തമായ പോലീസ് സുരക്ഷയാണ് വിചാരണവേളയിൽ പോലീസ് ഒരുക്കിയത്.കേസിൽ
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാവുന്നത്.