ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ വട്ടിപ്പലിശ, മീറ്റര്‍ പലിശ ഇടപാടുകള്‍ നടത്തുന്നവരുടെ വീടുകളില്‍ വ്യാപക പരിശോധന

ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ വട്ടിപ്പലിശ, മീറ്റര്‍ പലിശ ഇടപാടുകള്‍ നടത്തുന്നവരുടെ വീടുകളില്‍ വ്യാപക പരിശോധന
alternatetext

കായംകുളം: ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളിൽ ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ വട്ടിപ്പലിശ, മീറ്റര്‍ പലിശ ഇടപാടുകള്‍ നടത്തുന്നവരുടെ വീടുകളില്‍ വ്യാപക പരിശോധന. സംഭവത്തില്‍ അറസ്റ്റ് ചെയ്തു. എയര്‍ ഗണ്‍ അടക്കം പോലീസ് പിടികൂടി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

കായംകുളം, കരീലകുളങ്ങര, ഓച്ചിറ എന്നിവിടങ്ങളിലെ ബ്ലേഡ് പലിശക്കാരുടെ വീടുകളിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തിയായിരുന്നു വട്ടിപ്പലിശയും ഏതാനും മണിക്കൂര്‍ നേരത്തേക്ക് കൊടുക്കുന്ന പണത്തിന്‍റെ മീറ്റര്‍ പലിശയും വാങ്ങിയിരുന്നത്. കായംകുളം സ്വദേശി അൻഷാദ്, എരുവ സ്വദേശികളായ അനൂപ്, റിയാസ് തുടങ്ങിയവരുടെ വീടുകളില്‍ നിന്ന് ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും പാസ്പോര്‍ട്ടുകളും ആര്‍ സി ബുക്കുകളും പിടിച്ചെടുത്തു.

അനൂപിന്റെ വീട്ടില്‍ നിന്നാണ് എയര്‍ ഗണ്‍ ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. എരുവ സ്വദേശി സനീസിന്റെ വീട്ടില്‍ നിന്നും ചെക്കുകള്‍ക്കും, മുദ്രപത്രങ്ങള്‍ക്കും ഒപ്പം നിരോധിച്ച 1000 , 500 രൂപ നോട്ടുകളും പിടിച്ചെടുത്തു.

കായംകുളം മാര്‍ക്കറ്റിലും പരിസരത്തും പലിശക്കാര്‍ ക്വട്ടേഷൻ ഗുണ്ടകളുടെ സഹായത്തോടെ കടകളില്‍ കയറി ഭീഷണിപ്പെടുത്തി വൻതോതില്‍ പലിശ പിരിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. കേസിലുള്‍പ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുമെന്നും കാപ്പ ഉള്‍പ്പെടെ ചുമത്തുമെന്നും പോലീസ് അറിയിച്ചു