പുനർജനി കേസില്‍ വി. ഡി. സതീശനെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

പുനർജനി കേസില്‍ വി. ഡി. സതീശനെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
alternatetext

പുനർജനി കേസില്‍ വി. ഡി. സതീശനെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അതില്‍ കഴമ്പില്ലാത്തതിനാലാണ് കേസ് മുന്നോട്ട് പോകാതിരുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻ മുഖ്യമന്ത്രിക്ക് പോലുമില്ലാത്ത സംശയമാണ് എം. വി. ഗോവിന്ദന് ഇപ്പോഴുമുള്ളതെന്നും, തെരഞ്ഞെടുപ്പില്‍ തോറ്റത് മുതല്‍ അദ്ദേഹത്തിന് സംശയം കൂടുതലാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

പൊലീസ് സ്റ്റേഷനുകളെ കൂടുതല്‍ ജനസൗഹൃദമാക്കാനും കസ്റ്റഡി മർദ്ദനങ്ങള്‍ ഇല്ലാതാക്കാനുമായി ഓഗസ്റ്റ് 15 മുതല്‍ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമിടുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ ചുമതലകള്‍ എസ്.ഐമാർക്ക് കൈമാറുമെന്നും 63 സ്റ്റേഷനുകളില്‍ വനിതാ എസ്.ഐമാർ എസ്.എച്ച്‌.ഒമാരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിലെ അംഗബലം കൂട്ടാനും ഗുണ്ടകളെ ശക്തമായി അടിച്ചമർത്താനും സർക്കാർ മുൻകൈയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ മുൻ സർക്കാരിന്റെ കാലത്തെ മുൻഗണനാ പട്ടിക പ്രകാരമാണ് എസ്. ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കിയതെന്നും, മഴക്കെടുതി നേരിടുന്നതില്‍ സർക്കാരിന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു