ശാന്തൻപാറ: സുഹൃത്തിനൊപ്പം നടന്നുപോകുമ്പോൾ പതിനാറു വയസ്സുകാരിയായ ബംഗാൾ സ്വദേശിനിയെ കൂട്ടമായി ബലാത്സംഗം ചെയ്യുകയും, സുഹൃത്തിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ മൂന്നുപേർക്ക് ദേവികുളം അതിവേഗ കോടതി 90 വർഷത്തെ തടവ് വിധിച്ചു.
കൂടാതെ 40000 രൂപ പിഴ അടക്കാനും ഇവരോട് കോടതി നിർദേശിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾക്ക് കാവലായി നിന്ന നാലാം പ്രതിക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ വെറുതെ വിടുകയും ചെയ്തു. ഇടുക്കി ശാന്തൻപാറക്ക് സമീപം പൂപ്പാറയില്‍ വച്ച് നടന്ന സംഭവത്തിൽ പൂപ്പാറ ലക്ഷംകോളനിയിൽ പി.സാമുവേൽ, തമിഴ്നാട്ടുകാരായ തിരുനെൽവേലി സ്വദേശി എസ്.സുഗന്ത്, ബോഡി ധർമപ്പട്ടി സ്വദേശി എം.ശിവകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രായപൂർത്തിയാകാത്ത അഞ്ചും, ആറും പ്രതികളുടെ കേസ് തൊടുപുഴ ജൂവനൈൽ ജസ്റ്റിസ് കോടതിയിലാണ് നടക്കുന്നത്. ശാന്തമ്പാറ
എസ്എച്ച്ഒ ആയിരുന്ന അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തിയതും പ്രതികളെ പിടികൂടി കുറ്റപത്രം സമർപ്പിച്ചതും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു.കെ.ദാസാണ് ഇരയായ പെൺകുട്ടിക്ക് വേണ്ടി വാദിച്ചത്.