കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
alternatetext

സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങളില്‍ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും രജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി തൊഴില്‍ വകുപ്പ് മന്ത്രി കൂടിയായ വി ശിവൻകുട്ടി പറഞ്ഞു.

സെക്രട്ടേറിയറ്റ് ലയം ഹാളില്‍ കേരള അതിഥി ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള അതിഥി ആപ്പ് വരുന്നതോടെ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികള്‍ കൂടുതല്‍ സുഗമമായി അതിവേഗം പൂർത്തിയാക്കാനാകും. നാഷണല്‍ ഇൻഫോമാറ്റിക് സെന്റർ വികസിപ്പിച്ചെടുത്ത ആപ്പിന്റെ ടെസ്റ്റിംഗ് പൂർത്തിയാക്കി കഴിഞ്ഞു.

ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതിഥി പോർട്ടല്‍ വഴി ഇതോടകം 1,59,884 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കും അവരുടെ കരാറുകാർക്കും തൊഴിലുടമകള്‍ക്കും മൊബൈല്‍ ആപ്പിലൂടെ രജിസ്ര്‌ടേഷൻ പൂർത്തിയാക്കാം.

പോർട്ടലില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍ അസിസ്റ്റന്റ് ലേബർ ഓഫീസർ പരിശോധിച്ച്‌ സ്ഥിരീകരിക്കും. അസി ലേബർ ഓഫീസർ പരിശോധന പൂർത്തിയാക്കുന്നത് അനുസരിച്ച്‌ തൊഴിലാളികള്‍ക്ക് വെർച്വല്‍ ഐഡി കാർഡുകള്‍ ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. ഇനി മുതല്‍ ഇൻഷുറൻസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ഈ കാർഡ് ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.