പോലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ അയല്‍വീട്ടിലേക്ക് വെടിയുണ്ട തുളഞ്ഞുകയറി

പോലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ അയല്‍വീട്ടിലേക്ക് വെടിയുണ്ട തുളഞ്ഞുകയറി
alternatetext

കോട്ടയം: പോലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ അയല്‍വീട്ടിലേക്ക് വെടിയുണ്ട തുളഞ്ഞുകയറി. ഈസമയം മുറിക്കുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ജനല്‍ച്ചില്ല് തുളച്ചാണ് വെടിയുണ്ട വീടിനുള്ളില്‍ പതിച്ചത്. കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ ജില്ലാ പോലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെയാണ് സംഭവം.

പോളിടെക്നിക് കോളേജിനോട് ചേര്‍ന്നുള്ള ചെറിയ ഗ്രൗണ്ടിലാണ് പരിശീലനം. സമീപത്തുള്ള ഉള്ളാട്ടില്‍ എന്ന വീട്ടിലേക്കാണ് വെടിയുണ്ട പതിച്ചത്. എറണാകുളം സ്വദേശിയായ ഇ.എ. സോണി വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. സോണിയുടെ ഭാര്യ ജിൻസിയും മക്കളായ അല്‍ക്കയും ആത്മികയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. നാട്ടകത്ത് വര്‍ക്ക്ഷോപ്പ് നടത്തുന്ന സോണി ഈ സമയം ജോലിക്ക് പോയിരിക്കുയായിരുന്നു.

ശബ്ദംകേട്ട് ഇതേ മുറിക്കുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന അല്‍ക്ക അമ്മയോട് വിവരംപറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജനല്‍ച്ചില്ല് പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടതും മുറിക്കുള്ളില്‍ വെടിയുണ്ട കണ്ടെത്തിയതും. ഉടൻതന്നെ പരിശീലനം നിര്‍ത്തിവെച്ചു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളില്‍നിന്ന് പോലീസ് വെടിയുണ്ട കണ്ടെടുത്തു.

പരിശീലനത്തിനിടെ വെടിയുണ്ട പാറക്കല്ലില്‍ തട്ടി തെറിച്ച്‌ വീട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. കുറച്ചുനാളായി ഇവിടെ വെടിവെപ്പ് പരിശീലനം നടത്തുന്നുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ അനുമതിയില്ലാതെയാണിതെന്നും നിര്‍ത്തിവെക്കണമെന്നും സമീപവാസികള്‍ ആവശ്യപ്പെട്ടു.