കോതമംഗലം: പട്ടാപ്പകൽ നടന്ന കൊലപാതകം ശരിക്കും നാടിനെ നടുക്കിയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ചേലാട് ബസേനിയ സ്കൂൾ ചെയർമാൻ എൽദോസ് ഏലിയാസിന്റെ മാതാവും, കള്ളാട് സ്വദേശിനിയുമായ സാറാമ്മയെ (72) വീട്ടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ കനമുള്ള വസ്തുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് ഒരുമണിയോടെ അയൽവാസി സാറാമ്മയെ കണ്ടിരുന്നു. അതിനുശേഷം നടന്ന കൊലപാതകം, സ്കൂള്‍ അധ്യാപികയായ മരുമകള്‍ ജോലി കഴിഞ്ഞ് നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് പുറത്തറിഞ്ഞത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹത്തിന് സമീപവും, വീടിന്റെ പിന്‍വശത്തെ വാതില്‍പ്പടിയിലും മഞ്ഞല്ൾപ്പൊടി വിതറിയിട്ടുണ്ട്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സാറാമ്മ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി.
സംശയാസ്പദമായി ചില ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് വിദഗ്ധരും, ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകം അന്വേഷിക്കുന്നതിനായി എറണാകുളം റൂറൽ എസ്പി വൈഭവ് സഖ്യസേനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.