തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം

alternatetext

ഹൈദരാബാദ് : പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടായ അപകടത്തില്‍ ആറുപേർ മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് വച്ച്‌ ഇന്ന് വൈകിട്ടോടെയാണ് ദാരുണ സംഭവം ഉണ്ടായത്.

പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിനിടയാക്കിയത്.

തിരക്കില്‍പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മരിച്ചവരില്‍ മൂന്നുപേർ സ്ത്രീകളാണ്. ഇവരില്‍ ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശി മല്ലികയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടത്തെ തുടർന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി ദേവസ്ഥാനം അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നല്‍കി. പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ഉറപ്പാക്കാനും കർശന നിർദ്ദേശം നല്‍കി.

ജനുവരി പത്തിനാണ് തിരുപ്പതിയില്‍ വൈകുണ്ഠ ഏകാദശി നടക്കുന്നത്. ഇതിന്റെ ഭാഗമായി വൈകുണ്‌ഠ ദ്വാര ദർശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനായി 90 കൗണ്ടറുകളാണ് തുറന്നിരുന്നത്.