ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ ഗുരുതരമായ സുരക്ഷാവീഴ്ചയില്‍ മറുപടിയില്ലാതെ കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം ആഞ്ഞടിക്കുന്നു. മൂന്നുദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭയിലെത്തിയില്ല.സംഭവത്തില്‍ വീഴ്ചപറ്റിയെന്ന് ഒരു സ്വകാര്യ ടി.വി. ചാനലില്‍ അമിത് ഷാ തുറന്നുപറഞ്ഞത് സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്നതിന്റെ സൂചനയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.സഭാസമ്മേളനം നടക്കുമ്ബോള്‍ പാര്‍ലമെന്റില്‍ പ്രതികരിക്കാതെ ആഭ്യന്തരമന്ത്രി പുറത്ത് വിഷയം പറഞ്ഞത് ശരിയായില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു
അതേസമയം, സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതും ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ മിണ്ടാതെ പുറത്ത് വിഷയത്തില്‍ പ്രതികരിച്ചതും പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധങ്ങളായി.പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കേന്ദ്രനയങ്ങള്‍ക്കെതിരാണെന്ന വ്യാഖ്യാനവും സര്‍ക്കാരിന് തലവേദനയാണ്. സഭയുടെ സുരക്ഷാച്ചുമതല തനിക്കാണെന്ന് സ്പീക്കറും പണ്ടും സമാനസംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിയും പാസുകള്‍ നല്‍കുന്നതില്‍ എം.പി.മാര്‍ ജാഗ്രതപാലിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞതൊഴിച്ചാല്‍, മറ്റു വിശദീകരണങ്ങളൊന്നും വെള്ളിയാഴ്ചവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
എന്നാല്‍, വിശദമായ അന്വേഷണം നടത്തി വസ്തുതകള്‍ ശേഖരിച്ചശേഷം മാത്രമേ കേന്ദ്രസര്‍ക്കാരിന് വിശദീകരണം നല്‍കാൻ കഴിയൂ എന്നാണ് ബി.ജെ.പി. കേന്ദ്രങ്ങളുടെ നിലപാട്. മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തിളക്കത്തിനിടയിലുണ്ടായ സംഭവം ബി.ജെ.പി.ക്കും രാഷ്ട്രീയക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ജയിച്ച സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപവത്‌കരണം, സത്യപ്രതിജ്ഞ തുടങ്ങിയ നടപടികള്‍ ഇതിനിടയില്‍ മങ്ങിപ്പോയതായും വിലയിരുത്തലുണ്ട്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി നല്‍കിയ ആഘാതത്തില്‍ ക്ഷീണിച്ച കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനും സംഭവം കളഞ്ഞുകിട്ടിയ വടിയായി. ഈ മാസം 19-ന് ചേരുന്ന ഇന്ത്യാ സഖ്യം യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നാണ് സൂചന.