കോതമംഗലം: വാരപ്പെട്ടി ഇഞ്ചൂർ സ്വദേശിനിയായ പന്ത്രണ്ടുകാരിയായ അളകനന്ദയെന്ന കൊച്ചുസുന്ദരിയാണ് ഒരു നാടിനെ മൊത്തം ആറു മണിക്കൂറോളം മുൾമുനയിൽ നിർത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്നര- നാലുമണിയോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് വാർത്ത കാട്ടുതീ പോലെ പരന്നത്.
തുടർന്ന് മത-രാഷ്ട്രീയ-പ്രായ ഭേദമന്യേ സകല ജനങ്ങളും നാടിന്റെ മുക്കിലും മൂലയിലും, പോകാൻ സാധ്യതയുള്ള ഇടങ്ങളിലും എല്ലാം രാത്രിയാവോളം നൊമ്പരങ്ങൾ ഉള്ളിലൊതുക്കി പെൺകുട്ടിക്കായി തിരച്ചിൽ നടത്തി.
ഒടുവിൽ വീട്ടുകാരോടു പിണങ്ങി ചങ്ങനാശ്ശേരി ഭാഗത്തേക്കു യാത്ര തിരിച്ച അളകനന്ദയെന്ന പെൺകുട്ടിയെ ഒൻപതു മണിയോടെ പോലീസ് കണ്ടെത്തിയതോടെയാണ് ഇഞ്ചൂർ ഗ്രാമം ഒന്നടങ്കം ആനന്ദത്തിലേക്ക് കടന്നത്.