പന്തളത്തെ അശാസ്ത്രീയ നികുതി പിരിവിനെതിരെ ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

പന്തളത്തെ അശാസ്ത്രീയ നികുതി പിരിവിനെതിരെ ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ
alternatetext

പന്തളം: പന്തളം നഗരസഭ തുടരുന്ന അശാസ്ത്രീയ നികുതി പിരിവിനും അനധികൃത നിർമ്മാണം എന്ന മുദ്രയ്ക്കും എതിരെ കെട്ടിട ഉടമ കൂട്ടായ്മയുടെ പ്രവർത്തനം പുരോഗമിക്കുന്നു . പന്തളത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഈ പ്രശ്നങ്ങൾ ഭരണസമിതിക്കും പ്രതിപക്ഷത്തിനും കാര്യങ്ങൾ വിശദമായി മനസ്സിലാക്കുവാനും പഠിക്കുവാനും തയ്യാറാവാത്തതാണ് ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാക്കുവാൻ കാരണമായത് . കാലാകാലങ്ങളിൽ സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരം കെട്ടിടനികുതി വർധിപ്പിക്കാതെ നഗരസഭ ഉദ്യോഗസ്ഥർ അലസരായി ഇരുന്നതിന്റെ ഉത്തരവാദിത്വം നികുതിദായകരുടെ ചുമരിൽ കെട്ടിവയ്ക്കാനുള്ള പ്രവർത്തനത്തെയാണ് കെട്ടിട ഉടമകളുടെ കൂട്ടായ്മ എതിർക്കുന്നത് .

2013 മുതൽ 2023 വരെയുള്ള കാലഘട്ടങ്ങളിൽ കെട്ടിടം നികുതി ന്യായമായ രീതിയിൽ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിൻറെ ഉത്തരവുകൾ ഉദ്യോഗസ്ഥരും ഭരണസമിതിയും കാര്യമാക്കാതെ അലസമായിരുന്ന ശേഷം കഴിഞ്ഞ പത്തിൽപരം വർഷത്തെ നികുതി , പലിശ , കൂട്ടുപലിശ ഉൾപ്പെടെ വൻ തുക ഒന്നിച്ച് അടപ്പിക്കുന്ന സംഭവം പന്തളം നാഗസഭയിൽ മാത്രമാണുള്ളത് . സർക്കാർ ഉത്തരവിൽ നിലവിലെ നികുതി മൂന്നുവർഷത്തിൽ കൂടുതൽ ഡിമാൻഡ് നോട്ടീസ് നൽകി പിരിക്കുവാൻ അനുവാദമില്ലാത്ത സാഹചര്യത്തിൽ ആണ് അനധികൃതമായി കഴിഞ്ഞ 10 വർഷത്തെ കെട്ടിടനികുതി 2024 നിർണയിച്ചത് മുൻകാല പ്രാബല്യത്തോടെ പിരിച്ചെടുക്കുന്നത് .

പുതിയനികുതി 2024 ൽ നിശ്ചയിച്ചാൽ ആ വർഷം മുതൽ നടപ്പാക്കണമെന്നും ഏറ്റവും കുറഞ്ഞ നികുതി നിരക്കും നികുതി ശതമാനവും മാത്രം നിർണയിക്കണമെന്ന് ആണ് കെട്ടിട ഉടമസ്ഥ കൂട്ടായ്മയുടെ ആവശ്യം. എന്നാൽ നികുതി വർദ്ധനവുമൂലം ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ച് ഭരണകക്ഷിക്ക് പോലും യാതൊരു ധാരണയും ഇല്ല എന്നതാണ് വാസ്തവം.

കഴിഞ്ഞ പത്തിൽപരം വർഷങ്ങളിലെ നികുതി വർദ്ധനവ് കാലാകാലങ്ങളിലെ ഉത്തരവും പ്രകാരം ആ കാലത്തിലുള്ള ഉദ്യോഗസ്ഥർ നടപ്പാക്കാതിരുന്നാൽ അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും മാത്രമാണ് ഈടാക്കേണ്ടതെന്നും അല്ലാതെ നികുതി ദായകരായ നഗരസഭ നിവാസികളിൽ നിന്നും അല്ല എന്നും യോഗം വിലയിരുത്തി. നഗരസഭാ ചരിത്രത്തിൽ ആദ്യമായി കൗൺസിൽ യോഗത്തിൽ നാട്ടുകാരും നിരീക്ഷകരായി പങ്കെടുത്തു.

തങ്ങളുടെ ജനപ്രതിനിധികളുടെ പ്രവർത്തനം വിലയിരുത്തുവാൻ ഈ നിരീക്ഷണം അത്യാവശ്യമാണെന്നും ഇനിയുള്ള ദിവസങ്ങളിലും നഗരസഭാ കൗൺസിൽ നിരീക്ഷിക്കുവാനും ഈ കൂട്ടായ്മ തീരുമാനിച്ചു . നഗരസഭ ചട്ടം കൗൺസിൽ യോഗം പൊതുജനങ്ങൾക്ക് നിരീക്ഷിക്കുവാനും പൊതുജനങ്ങൾക്ക് വേണ്ട സൗകര്യം ഒരുക്കണമെന്നും അനുശാസിക്കുന്നു.

കഴിഞ്ഞ ഒരു വർഷമായി നരസഭയിലെ 80 ശതമാനം കെട്ടിടങ്ങളും അനധികൃത നിർമ്മാണം എന്ന യു എ പതിച്ചിരുന്നു . കാലപ്പഴക്കം മൂലം ചോരുന്നതിനാൽ കെട്ടിടത്തിന് മേൽക്കൂര ഷീറ്റ് ഇട്ടാലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടി ഷീറ്റ് ഇട്ടാലും യു എ പതിക്കുന്നു. നഗരസഭ നിയമിച്ച കരാർ ജോലിക്കാർ യാതൊരു മാനദണ്ഡവും ഇല്ലാതെ തോന്നുന്ന രീതിയിലാണ് യു എ പതിച്ചിരിക്കുന്നത് . അൺ ഓതറൈസ്ഡ് എന്ന യു എ ” അർബൻ ഏറിയ” എന്ന് വിശദീകരിച്ചാണ് പലയിടങ്ങളിലും യു എ പതിച്ചിട്ടുള്ളതെന്നും ആക്ഷേപമുണ്ട് .

ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനായി ആഴ്ചകൾക്ക് മുമ്പ് നഗരസഭ ചെയർപേഴ്സൺ പത്രക്കുറിപ്പ് പ്രകാരം ജൂലൈ11 ആം തീയതി നഗരസഭ പ്രദേശത്ത് അദാലത്ത് നടത്തുമെന്നും ജൂലൈ ആറാം തീയതിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണമെന്നും പത്ര വാർത്തയിലൂടെ അറിയിച്ചിരുന്നു . അതനുസരിച്ച് കേ -സ്മാർട്ട് വഴി പലരും അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അദാലത്ത് ദിവസം നഗരസഭയിലും പത്രപരസങ്ങളിലും കൊടുത്ത ഫോൺ നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ എല്ലാവരുടെയും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും എന്നും അദാലത്തിന് കുറിച്ച് അറിയില്ല എന്നുമാണ് മറുപടി നൽകിയത്.

ഭരണപക്ഷത്തെ ഏകോപനം ഇല്ലായ്മ ഭരണസമിതിയിലെ ഏകാധിപത്യവും ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം . ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയാൻ ഭരണസമിതിക്ക് അറിവില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു . നഗരസഭ ഭരണസമിതിക്ക് ഉള്ള അധികാരം വിനിയോഗിക്കുവാൻ അറിയാതെ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുന്ന പ്രവണതയാണ് പന്തളം നഗരസഭയിൽ ഇപ്പോഴുള്ളത് .

നഗരസഭ ഭരണ സമിതിയുടെ അധികാരം ഭരണസമിതി മൂന്നുവർഷക്കാലം ഭരിച്ചിട്ടും അറിയാൻ കഴിഞ്ഞിട്ടില്ല എന്നും ആക്ഷേപമുണ്ട് . സംസ്ഥാന സർക്കാരിൻറെ ഉത്തരവുകളും നിർദ്ദേശങ്ങളും അതേപടി നടപ്പിലാക്കുന്നതിന് എന്തിന് ഭരണസമിതിയും 33 കൗൺസിലർമാരും ചെയർപേഴ്സണും സർക്കാർ വാഹനവും ഡ്രൈവറും പരിധിയില്ലാത്ത ഇന്ധനവും തിരഞ്ഞെടുപ്പ് തുടങ്ങിയ ചിലവുകൾ എന്നും, വില്ലേജ് ഓഫീസ് , രജിസ്റ്റർ ഓഫീസ് പോലെ ഉദ്യോഗസ്ഥർ മാത്രം മതിയാകുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയിലുള്ള ഒരു പ്രത്യേക അധികാരം വിനിയോഗിക്കാനുള്ള ധൈര്യം ഭരണസമിതിക്ക് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

നവ കേരള സദസ്സിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക നൽകണമെന്ന് ഉത്തരവ് ഭരണസമിതിയുടെ അധികാരം ഉപയോഗിച്ച് നിഷേധിച്ചത് പോലെ നഗരസഭയിലെ ജനങ്ങളുടെ ക്ഷേമം കണക്കാക്കി നികുതി വർദ്ധനവ് നിർണയിക്കുന്ന ഈ വർഷം മുതൽ ഏറ്റവും കുറഞ്ഞ നികുതി നടപ്പാക്കുന്നതിനുള്ള ആർജ്ജവം ഭരണസമിതി കാണിക്കണമെന്നും മുൻവർഷങ്ങളിലെ നികുതി വർദ്ധനവ് നടപ്പാക്കാത്തവർക്ക് എതിരെ ശിക്ഷ നടപടികൾക്ക് ശുപാർശ ചെയ്യണം എന്നും നഷ്ടമായ തുക കാരണക്കാരായ വരിൽ നിന്നും ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നഗരസഭയിലെ എല്ലാവർക്കും തങ്ങൾക്ക് കൃത്യമായി അടയ്ക്കേണ്ട നികുതിയെ കുറിച്ച് അറിയാൻ ബാധ്യസ്ഥരാണ് . എന്നാൽ പന്തളം നഗരസഭയിൽ നികുതി അടിസ്ഥാനത്തിൽ എത്ര രൂപയാണെന്ന് ആർക്കും അറിയാൻ കഴിയുന്നില്ല . പലർക്കും ഉദ്യോഗസ്ഥരുടെ ഇഷ്ടമനുസരിച്ച് ആണ് നികുതി നിർണയിക്കുന്നത് . മുൻകാലങ്ങളിൽ ഉള്ള ചില നികുതി രസീതുകൾ ഒരേ നിരക്കും മറ്റു ചിലത് എല്ലാവർഷവും 5% കൂടുതൽ വീതവുമാണ് കഴിഞ്ഞവർഷം വരെ അടച്ചിരിക്കുന്നത് .

നഗരസഭയിലെ ഉദ്യോഗസ്ഥരുടെ ഇടപെടിയിൽ വളരെ മോശമായ രീതിയിലാണെന്നും പന്തളം നഗരസഭയിൽ ആവശ്യങ്ങൾക്ക് വരുന്ന ഭൂരിഭാഗം ജനങ്ങളുടെയും പരാതി. ഈ ഉദ്യോഗസ്ഥരുടെ മേൽ ഭരണസമിതിക്ക് പോലും യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ് സഭയിൽ നിലനിൽക്കുന്നത് . പന്തളം നഗരസഭ നിലവിൽ വന്നിട്ട് വർഷങ്ങളായെങ്കിലും മുനിസിപ്പൽ എൻജിനീയർ എന്നതിന് പകരം ഇപ്പോഴും അസിസ്റ്റൻറ് എൻജിനീയർ മാത്രമാണുള്ളത് .

ഇപ്പോൾ പുതിയ അസിസ്റ്റൻറ് സെക്രട്ടറി എന്ന ഒരു പദവി പന്തളം നഗരസഭയിൽ മാത്രം ഉണ്ട് . മറ്റു നഗരസഭകളിൽ നിന്ന് വ്യത്യസ്തമായ പല പദവികളും പന്തളം നഗരസഭയുടെ പ്രത്യേകതയാണ് . കഴിഞ്ഞദിവസം ചെയർപേഴ്സൺ നടത്തിയ പത്രസമ്മേളനത്തിൽ ജലനിധിക്ക് വേണ്ടി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കരാറുകാർ പണിപൂർത്തിയാക്കാതെ എ ഇ ചെക്ക് നൽകിയെന്നും ചെയർപേഴ്സൺ പറയുകയുണ്ടായി . കരാറുകാർക്ക് നൽകുന്ന ചെക്ക് ചെയർപേഴ്സൺ , സെക്രട്ടറി മുതലായവർ അറിയാതെ എ ഇ മാത്രം പണം നൽകാൻ സാധിക്കുമോ എന്ന ചോദ്യം ഉയരുന്നു.

ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ഭരണസമിതിക്ക് ഇതുപോലെയുള്ള ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചെയർപേഴ്സൺ രാജിവെക്കണമെന്നാണ് യോഗം ആവശ്യപ്പെടുന്നത് . നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്വന്തം നഗരസഭയിലെ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പത്രസമ്മേളനം നടത്തി ചെയർപേഴ്സൺ പൊതുജനങ്ങളെ അറിയിക്കുന്നത് . ഇങ്ങനെ നാട്ടുകാരുടെ മുന്നിൽ പരിഹാസ്യരായ ഒരു ഭരണസമിതി പന്തളത്ത് ഉണ്ടായിട്ടില്ല. റവന്യൂ ഇൻസ്പെക്ടർ മുതലായ ഉദ്യോഗസ്ഥർ ഭരണപക്ഷത്തെ കൗൺസിലർമാരെ കാൾ ആത്മാർത്ഥമായി ഈ കെട്ടിട ഉടമകളുടെ കൂട്ടായ്മയെ തകർക്കാൻ ശ്രമിക്കുന്നു .

ആവശ്യമായി വരുന്ന പൊതുജനങ്ങളോട് കൂട്ടായ്മയെ കുറിച്ച് അപവാദം പറയുകയും, അവർ കാര്യങ്ങൾ സാധിച്ചു കൊണ്ട് പോകുന്നു എന്നും ഉദ്യോഗസ്ഥൻ പറയുന്നതായി പലരും പരാതിപ്പെട്ടു . ഈ കൂട്ടായ്മയുടെ ഭാരവാഹികൾക്ക് അനധികൃതമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് യോഗം ആവശ്യപ്പെടുന്നത് .

നഗരസഭയിൽ നടക്കുന്ന എല്ലാ അഴിമതിക്കെതിരെയും കെട്ടിട ഉടമകളുടെ കൂട്ടായ്മ വിജിലൻസ് , ഓംബുഡ്സ്മാൻ , മനുഷ്യാവകാശ കമ്മീഷൻ മുതലായവർക്ക് പരാതി നൽകുന്നതിനും തീരുമാനിച്ചു . അസോസിയേഷൻ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നതിലേക്കു നാളെ ശനിയാഴ്ച കെട്ടിടഉടമകളുടെ പൊതുയോഗം പന്തളം എമ്മിനെന്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ 3 .30 നു വിളിച്ചുചേർത്തു ഭാരവാഹികളെ തെരെഞ്ഞെടുത്തു പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാമെന്നു അതിലേക്കു പന്തളം നഗരസഭയിലെ എല്ലാ കെട്ടിട ഉടമകളും പങ്കെടുക്കണം എന്ന് അഭ്യർത്ഥിച്ചു. യോഗത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആയ വി സി സുഭാഷ് കുമാർ, ഇ എസ് നുജുമുദീൻ, പ്രേംശങ്കർ, പി പി ജോൺ , വർഗീസ് മാത്യു , ജോർജുകുട്ടി തുടങ്ങിയവർ സംസാരിച്ചു.