തൃപ്പക്കുടത്ത് അപകടം തുടർക്കഥ

alternatetext

കുട്ടനാട്  ഹരിപ്പാട്  മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വീയപുരം ഹരിപ്പാട് റോഡിൽ തൃപ്പക്കുടം ലവൽ ക്രോസിന് സമീപമാണ് അപകടങ്ങൾ തുടർക്കഥയായി മാറിയത്. ലവൽ ക്രോസിന് തെക്കുവശത്തായി അമൃതാ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. വൈകിട്ട് നാലു മണിയോടെ അനിയന്ത്രിതമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

സ്കൂൾ വിട്ട് വരുന്ന വിദ്യാർത്ഥികളെ കൊണ്ടു പോകുന്നതിനായി വരുന്ന  നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും  കാറുകളുമാണ് പാതയോരത്തായി  അലസമായി   പാർക്ക് ചെയ്യുന്നത്.  വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥല  പരിമിതിയാണ് അലസമായ പാർക്കിങിന് കാരണം.

റയിൽവെ ലവൽ ക്രോസ് അടയ്ക്കുന്നതിനുള്ള സിഗ്നൽ റെഡ് ലൈറ്റ് തെളിയുന്നതോടെ ക്രോസ് അടയുന്നതിന് മുൻപ് ഗേറ്റിന് മറു സൈഡിലെത്താൻ ഇരുചക്ര വാഹന യാത്രികർ സ്പീഡിൽ എത്തുന്നത് സ്ഥിരം കാഴ്ചയാണ്. ഈ സമയത്ത് സ്കൂൾ വിടുക കൂടി ചെയ്യുന്നതോടെ അപകടത്തിൻ്റെ വ്യാപ്തി വർദ്ധിക്കും.

നിരവധി അപകടങ്ങളാണ് ഇത്തരത്തിൽ പ്രദേശത്ത് അനുഭവപ്പെടുന്നത്. ഏതാനം ദിവസം മുമ്പ് സ്കൂൾ വിട്ട് വിദ്യാർത്ഥികൾ പുറത്ത് റോഡിലേക്ക് കൂട്ടം കൂടി ഇറങ്ങുകയും തത്സമയം ലവൽ ക്രോസ് മറി കടക്കാൻ ശ്രമിച്ചയാൾ അപകടത്തിൽ പെടുകയും പരിക്കേൽക്കുകയും വാഹനം തകരുകയും ചെയ്ത സംഭവം ഉണ്ടായി.

സ്കൂളിലെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ശ്രമിക്കുമെങ്കിലും നിഷ്ഫലമാവുകയാണ് ചെയ്യുന്നത്. വിദ്യാർത്ഥികളെ കൊണ്ടു പോകാൻ വരുന്ന വാഹനയാത്രികരായ രക്ഷിതാക്കൾക്ക് സ്കൂൾ ഗ്രൗണ്ടിൽ തന്നെ വാഹനം പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കുകയും ഒന്നിലധികം സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയും ചെയ്താൽ അപകടത്തിൻ്റെ തീവ്രതയ്ക്ക് പുറമെ അപകടങ്ങൾ തന്നെ ഒഴിവാക്കാൻ കഴിയും.

സ്കൂൾ അധികൃതർ മനസ്സ് വെക്കണമെന്നു മാത്രം. കായംകുളം – ആലപ്പുഴ തീരദേശ റയിൽപ്പാത ഇരട്ടിപ്പിച്ചതോടെ  ഒരു ട്രയിൻ കടന്നു പോയാലും അടുത്ത ട്രയിൻ വരവു കാത്ത് ദീർഘ നേരം ലവൽ ക്രോസ് അടഞ്ഞ് കിടക്കുകയും ചെയ്യും. ഈ സമയത്ത് നീണ്ട വാഹന നിരയാണ് ഗേറ്റിൻ്റെ രണ്ടു വശത്തും അനുഭവപ്പെടുന്നത്.

ഇതിന് പിന്നാലെ സ്കൂൾ കൂടി വിടുന്നതോടെ വിദ്യാർത്ഥികളുടെ ബാഹല്യം കൂടിയാകുമ്പോൾ നിയന്ത്രണാദീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രദേശത്ത് ഈ സമയങ്ങളിൽ പൊലീസിൻ്റെയോ ഹോം ഗാർഡിൻ്റെയോ സേവനം അത്യന്താപേക്ഷിതമാണ്.

ഹരിപ്പാട് നിന്നും തൃപ്പക്കുടം വീയപുരം വഴി മാന്നാർ , തിരുവല്ല , എടത്വാ , അമ്പലപ്പുഴ, രാമങ്കരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇടതടവില്ലാത വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണെന്നിരിക്കെ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നടപടി വേണമെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും യാത്രികരും ഉൾപ്പെടെ ആവശ്യം ഉന്നയിക്കുന്നു