മുവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ യുഡിഎഫ് ധാരണകളെ അട്ടിമറിച്ച എൽഡിഎഫിന് പഞ്ചായത്ത് ഭരണം ലഭിച്ചു. യുഡിഎഫ് ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കോൺഗ്രസിലെ മാത്യൂസ് വർക്കി കാലാവധി പൂർത്തിയാക്കി രാജി സമർപ്പിക്കുകയും, മുസ്ലിം ലീഗ് പ്രതിനിധിയെ പ്രസിഡന്റായി തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലുമായിരുന്നു.
എന്നാൽ കോൺഗ്രസ് വിമതനായ പി.എം.അസീസ് എൽഡിഎഫ് പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയെടുത്തു. ആറു മാസത്തേക്കെങ്കിലും പ്രസിഡന്റ് സ്ഥാനം നൽകണമെന്ന തന്റെ അഭ്യർത്ഥന തള്ളിക്കളഞ്ഞ യുഡിഎഫ് നേതൃത്വത്തോടുള്ള പ്രതിഷേധമായാണ് ഇന്നത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ചതെന്ന് അസീസ് വ്യക്തമാക്കി.