‘ഓര്‍മ്മത്തോണി’ എന്ന പേരില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി ഡോ.ആര്‍ ബിന്ദു

'ഓര്‍മ്മത്തോണി' എന്ന പേരില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി ഡോ.ആര്‍ ബിന്ദു
alternatetext

സാമൂഹിക നീതി വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി സംസ്ഥാനത്ത് ‘ഓര്‍മ്മത്തോണി’ എന്ന പേരില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. കുസാറ്റ് സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഡിമെന്‍ഷ്യ ബോധവല്‍ക്കരണത്തിനായി കൊച്ചിയില്‍ സംഘടിപ്പിച്ച മെമ്മറി വാക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി കാണുന്നുണ്ട്. കൊച്ചിയിലെ മെമ്മറി വാക്കിലൂടെ ഈ പരിപാടിയുടെ സന്ദേശം സംസ്ഥാനത്തുടനീളം ശ്രദ്ധിക്കപ്പെട്ടു. ഡിമന്‍ഷ്യയുടെ ശാസ്ത്രീയമായ പരിഹാരത്തിന് പരിമിതികള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തും. പ്രസക്തമായ ഒരു ഉത്തരവാദിത്തമാണ് മെമ്മറി വാക്കിലൂടെ നിര്‍വഹിക്കപ്പെട്ടത് എന്നും മന്ത്രി പറഞ്ഞു.

ടി.ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ പി. ജി ശങ്കരന്‍ കുസാറ്റിന്റെ ബോധി പദ്ധതി മോഡല്‍ അവതരിപ്പിച്ചു. ഡിമെന്‍ഷ്യ സൗഹൃദ എറണാകുളം; വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സബ് കളക്ടര്‍ പി വിഷ്ണുരാജ് സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.വി സ്മിത ആശംസ അറിയിച്ചു. ബോധി പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. പി. എസ് ബേബി ചക്രപാണി സ്വാഗതവും ബോധി പ്രോജക്‌ട് മാനേജര്‍ പ്രസാദ് ഗോപാല്‍ നന്ദിയും പറഞ്ഞു