ഇരിങ്ങാലക്കുട: ഓണ്‍ലൈൻവഴി ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ മുട്ടപ്പാലം ദേശത്ത് ദാറുല്‍ സലാമില്‍ മുഫ്ലിക് (22), കാരേറ്റ് ദേശത്ത് പുളിക്കക്കോണത്ത് വിഷ്ണു (27) എന്നിവരെയാണ് തൃശ്ശൂർ റൂറല്‍ പോലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചാലക്കുടി സ്വദേശിയുടെ പരാതിയില്‍ സൈബർ ക്രൈം പോലീസ് അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഹൈദരാബാദിലെ എച്ച്.ഡി.എഫ്.സി. ബാങ്കിലെ ജീവനക്കാരി എന്നപേരില്‍ ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി പരാതിക്കാരനില്‍നിന്ന് 3.15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കംബോഡിയ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിൻറെ ഭാഗമായ മുഫ്ലിക്കും തട്ടിപ്പിനു വേണ്ടി ഉപയോഗിക്കുന്നതിനായി അമ്ബതോളം വ്യാജ സിം കാർഡുകള്‍ നല്കിയ തിരുവനന്തപുരം സ്വദേശിയായ വിഷ്ണുവുമാണ് പിടിയിലായത്.
വ്യാജ സിം കാർഡ് നല്കിയ വിഷ്ണുവിനെ അറസ്റ്റ് ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഫ്ലിക്കിനെ പോലീസ് പിടികൂടിയത്. കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘം ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പേരില്‍ നന്നായി പണം തട്ടിയതായി പോലീസ് പറഞ്ഞു.
ഡി.സി.ആർ.ഡി. ഡി.വൈ.എസ്.പി. എസ്.വൈ. സുരേഷിന്റെ മേല്‍നോട്ടത്തില്‍ മാള സി.ഐ. സുനില്പുളിക്കൻ, കാട്ടൂർ സബ് ഇൻസ്പക്ടർ എൻ.ആർ. സുജിത്ത്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ.കെ.ബി. സുകുമാർ, സീനിയർ സിവില്‍ പോലീസ് ഓഫീസർ കെ.ജി. അജിത്ത് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.