മലപ്പുറം: വ്യാജ ഓൺലൈൻ ട്രേഡിംഗിലൂടെ മലപ്പുറം വേങ്ങര സ്വദേശിയുടെ ഒരുകോടിയിലേറെ രൂപ തട്ടിയെടുത്ത സംഘത്തിന് സിം കാർഡുകൾ സംഘടിപ്പിച്ചു കൊടുത്തയാളെ മലപ്പുറം പോലീസ് പിടികൂടി. നാൽപ്പത്താറുകാരനായ അബ്ദുൽ റോഷനെയാണ്കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് പിടികൂടിയത്.
വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്കിൽ കണ്ട ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് കസ്റ്റമർ കെയറിൽ നിന്ന് എന്ന വ്യാജേന വാട്സാപ്പിൽ ബന്ധപ്പെട്ട തട്ടിപ്പുകാർ പരാതിക്കാരനെ നിർബന്ധിച്ച് ഒരു കോടി എട്ടുലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളിൽ നിക്ഷേപിപ്പിച്ചു. ഈ തുകയാണ് തട്ടിപ്പ് സംഘം കവർച്ച ചെയ്തത്.സിംകാർഡുകൾ സംഘടിപ്പിച്ചു നൽകിയ പ്രതിയെപ്പറ്റി പോലീസിന് സൂചന ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
വിവിധ കമ്പനികളുടെ അമ്പതിനായിരത്തോളം സിംകാർഡുകളും 180 ൽപരം മൊബൈൽ ഫോണുകളും പ്രതിയിൽ നിന്ന് കണ്ടെടുത്തു. പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് കസ്റ്റമറായ യുവതിക്ക് തന്റെ പേരിൽ ഇത്തരത്തിൽ ഒരു മൊബൈൽ നമ്പർ ആക്ടീവായ കാര്യം അറിയുമായിരുന്നില്ല. ഇത്തരത്തിൽ കസ്റ്റമർ അറിയാതെ കൈക്കലാക്കിയ അമ്പതിനായിരത്തിൽ പരം സിംകാർഡുകൾ പ്രതി തട്ടിപ്പിന് ഉപയോഗിച്ചിരിക്കാം എന്നാണ് പോലീസ് നിഗമനം.