ഒളിവില്‍ പോയ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ മടിച്ച്‌ പൊലീസ്.

ഒളിവില്‍ പോയ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ മടിച്ച്‌ പൊലീസ്.
alternatetext

കണ്ണൂർ: പാർട്ടിയും സർക്കാറും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞ് 24 മണിക്കൂർ പിന്നിട്ടിട്ടും ദിവ്യ എവിടെയെന്നുപോലും പൊലീസ് അന്വേഷിക്കുന്നില്ല. നവീൻ ബാബു മരിച്ച്‌ എട്ടാം ദിവസമായിട്ടും ദിവ്യയുടെ മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നില്ല. ഇരിണാവിലെ വീട്ടില്‍നിന്ന് ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് പൊലീസിന് ആകെയുള്ള വിവരം. എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയ യോഗത്തില്‍ പങ്കെടുത്ത കലക്ടർ അരുണ്‍ കെ. വിജയൻ, ഡെപ്യൂട്ടി കലക്ടർമാർ ഉള്‍പ്പെടെയുള്ള മിക്കവരുടെയും മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.

എ.ഡി.എമ്മിന് കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച പെട്രോള്‍ പമ്ബുടമ ടി.വി. പ്രശാന്തിനെ രണ്ടുതവണ ചോദ്യം ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതെല്ലാം ചെയ്തിട്ടും കേസിലെ ഏക പ്രതിയായ പി.പി. ദിവ്യയെക്കുറിച്ച്‌ പൊലീസിന് മിണ്ടാട്ടമൊന്നുമില്ല. മുൻകൂർ ജാമ്യാപേക്ഷ നല്‍കിയ ദിവ്യയെ തിരക്കിട്ട് അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. ഒക്ടോബർ 24നാണ് തലശ്ശേരി സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കേസില്‍ നവീന്റെ കുടുംബം കക്ഷി ചേർന്നിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചതിനാല്‍ അതിനുമുമ്ബ് അന്വേഷണം പൂർത്തിയാക്കാനാണ് പൊലീസിന്റെ തിരക്കിട്ട ശ്രമം.

ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയാണ് പി.പി. ദിവ്യ എ.ഡി.എമ്മിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയതെന്നാണ് കലക്ടറും ചടങ്ങ് സംഘടിപ്പിച്ച റവന്യൂ സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികളും ജീവനക്കാരും നല്‍കിയ മൊഴി. ഇതെല്ലാം ദിവ്യക്ക് പ്രതികൂലമാണെന്നാണ് നിയമവിദഗ്ധർ നല്‍കുന്ന സൂചന. മുൻകൂർ ജാമ്യ ഹരജി അറസ്റ്റ് ചെയ്യുന്നതിന് തടസ്സമല്ലെന്ന് അറിഞ്ഞിട്ടും ആ നിലക്ക് ശ്രമിക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നു.