കണ്ണൂരില്‍ സുധാകരന് റെക്കോര്‍ഡ് ഭൂരിപക്ഷം

alternatetext

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റിന് റെക്കോര്‍ഡ് വിജയം. ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് സിപിഎമ്മിലെ എംവി ജയരാജനെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ അദ്യഘട്ടംമുതലേ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്ബിലും കെസുധാകരന്റെ വോട്ട് വിഹിതത്തില്‍ വന്‍ വര്‍ധനയുണ്ടായ, കെകെ ശൈലജ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയ മട്ടന്നൂരിലും യുഡിഎഫ് സ്ഥാനാര്‍ഥി ലീഡ് പിടിച്ചു.

പോസ്റ്റല്‍ വോട്ടില്‍ മുന്നേറിയെങ്കിലും മറ്റൊരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന് ലീഡ് നിലയില്‍ മുന്നിട്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എംവി ജയരാജന്‍ കളത്തിലിറക്കിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായിയായിരുന്ന ബിജെപി സ്ഥാനാര്‍ഥി രഘുനാഥ് യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നാണ് കരുതിയത്.

എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ മണ്ഡലത്തില്‍ റെക്കോര്‍ഡ് വോട്ടുകള്‍ നേടാന്‍ സുധാകരന് കഴിഞ്ഞു. എന്‍ഡി.എ സ്ഥാനാര്‍ത്ഥി സി രഘുനാഥ് 1,14000 വോട്ടുകളാണ് നേടിയത്. സുധാകരന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു കൊണ്ടു ഡിസിസി ഓഫിസില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിളമ്ബിയും മുദ്രാവാക്യം വിളിച്ചും ആഹ്‌ളാദ പ്രകടനവും നടത്തി